വാഷിംഗ്ടണ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താനുമായുള്ള ബന്ധം വെളിപ്പെടുത്താതിരിക്കാൻ നീലച്ചിത്ര നടി സ്റ്റോമി ദാനിയേൽ എന്ന് അറിയപ്പെടുന്ന സ്റ്റെഫാനി ക്ലിഫോർഡിന് വൻ തുക നൽകിയെന്ന് വെളിപ്പെടുത്തൽ. വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ട്രംപ് തന്റെ വക്കിൽ വഴി നടിക്ക് 1,30,000 ഡോളർ (ഏകദേശം 82 ലക്ഷം രൂപ) നൽകിയെന്നാണ് റിപ്പോർട്ട്. സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപിനുണ്ടായിരുന്ന ബന്ധം പുറത്തറിഞ്ഞാൽ തെരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്നു മനസിലാക്കിയായായിരുന്നു നീക്കം. 2016 തെരഞ്ഞെടുപ്പിൽ ഒരു മാസം മുന്പാണ് ഇവരുടെ അക്കൗണ്ടിലേക്ക് പണം ഇട്ട് നൽകിയത്.
2005ലാണ് ട്രംപും മെലാനിയായും തമ്മിൽ വിവാഹം ചെയ്യുന്നത്. 2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്റിനിടെ ട്രംപുമായി പരിചയപ്പെട്ടെന്ന് നേരത്തെ ക്ലിഫോർഡ് വെളിപ്പെടുത്തിയിരുന്നു. ഈ കാലത്ത് ട്രംപും മെലാനിയായും തമ്മിൽ പിണങ്ങിയെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു. 38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. 150 ഒാളം നീലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു. ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നില്ലെന്നും ഇതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്നുമായിരുന്നു സ്റ്റോമി ഡാനിയൽസിന്റെ അഭിഭാഷകൻ കെയ്ത് ഡേവിഡ്സണ് പറഞ്ഞത്. നേരത്തെ, അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിനെതിരെ 16 ലൈംഗികാരോപണങ്ങൾ ഉയർന്നിരുന്നു. 2016ൽ പ്ലേബോയി മോഡലായ കരൺ മാക്ഡങ്കലിന് ട്രംപുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് ഒരു ജേർണലിൽ ഏഴുതാതിരിക്കാൻ ട്രംപിന്റെ സുഹൃത്ത് 1,50,000 ഡോളർ നൽകിയതായും ജേർണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.