സഹോദരന്റെ ഘാതകരായ പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 760 ദിവസത്തിലേറെയായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന് നിവിന്‍ പോളിയും. ഞായറാഴ്ച്ച സോഷ്യല്‍മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ വലിയ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടെയാണ് നിവിനും പിന്തുണ അറിയിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതും ശ്രീജിത്തിനെ ഫോണില്‍ വിളിച്ചതും. ഞായറാഴ്ച്ച നിവിന്‍ തിരുവനന്തപുരത്ത് എത്തുമെന്നാണ് സൂചന.
തീവ്രവേദനയുടെ 762 ദിവസങ്ങള്‍, ഹൃദയം തകരുന്ന കാഴ്ചയാണിത്. ഈ രാജ്യത്തെ എല്ലാ പൗരന്മാരെയും പോലെ സ്വന്തം സഹോദരന്റെ മരണത്തിനുള്ള യഥാര്‍ത്ഥ കാരണം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ശ്രീജിത്തിനും കുടുംബത്തിനും നീതി ലഭിക്കണം.
സഹോദരനെ ലോക്കപ്പില്‍ മര്‍ദിച്ചു കൊന്നതില്‍ കുറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷമായി തുടരുകയാണ് ശ്രീജിത്തിന്റെ നിരാഹാര സമരം. പോലീസുകാരന്റെ ബന്ധുവായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു ലോക്കപ്പ് മര്‍ദനം. അന്വേഷണത്തില്‍ പോലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരാണെന്ന് കണ്ടെത്തുകയും തുടരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഇതിനേത്തുടര്‍ന്നാണ് ശ്രീജിത്ത് സമരം ആരംഭിച്ചത്.
അതേസമയം, സോഷ്യല്‍മീഡിയയിലൂടെ സപ്പോര്‍ട്ട് ശ്രീജിത്ത ക്യാമ്പയിന് ശക്തമായതോടെ ഞായറാഴ്ച്ച ആയിരക്കണക്കിന് പേര് സെക്രട്ടറിയേറ്റിന് മുന്നിലെത്തുമെന്ന് ഉറപ്പായി. നിരവധി യുവാക്കളാണ് ശ്രീജിത്തിന് പിന്തുണയുമായി എത്തുന്നത്. ഞായറാഴ്ച്ച നടക്കുന്ന പ്രതിഷേധക്കൂട്ടായ്മയില്‍ സിനിമ, കായിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എത്തും. ശനിയാഴ്ച്ച ശ്രീജിത്തിനെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് സമരപ്പന്തലില്‍ കൂവലാണ് ലഭിച്ചത്.