കുറ്റിപ്പുറം: കുറ്റിപ്പുറം മല്ലൂർ കടവിൽ വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം. വിരൽ ചൂണ്ടുന്നത് സുരക്ഷാവീഴ്ചയിലേക്കാണ്. ഇവ മഹാരാഷ്ട്രയിലെ പുൽഗാവ് സൈനിക വെടിക്കോപ്പ് കേന്ദ്രത്തിൽ നിർമിച്ചു സൈന്യത്തിന് ആയുധം നൽകുന്ന പുൽഗാവിലെ ആയുധ വിതരണ കേന്ദ്രത്തിനു കൈമാറിയിട്ടുള്ളതാണെന്നും സൈനിക ഇന്റലിജന്റ്്സ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അന്വേഷണം സൈനികക്യാന്പുകൾ കേന്ദ്രീകരിച്ചാണ്.
സൈനികരുടെ സഹായത്തോടെയാണ് അന്വേഷണം. അതിനിടെ ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തുന്നതിനായി ഉന്നത പോലിസുദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘം കുറ്റിപ്പുറത്തു യോഗം ചേർന്നു. ജില്ലാ പോലിസ് മേധാവിയുടെ ചുമതല വഹിക്കുന്ന പാലക്കാട് ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഒരാഴ്ച മുൻപു കണ്ടെത്തിയ കുഴി ബോംബുകളും വ്യാഴാഴ്ച കണ്ടെത്തിയ വെടിയുണ്ടകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും ഒരേ സംഘം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ഇവ മാസങ്ങളോളം വെള്ളത്തിൽ കിടന്നതായാണു കരുതുന്നത്. മഴക്കാലത്ത് പുഴയിൽ വെള്ളം ഉയർന്ന സമയത്തു പുഴയിലെറിഞ്ഞ ഇവ മണലിൽ താഴ്ന്നു പോവുകയും വെള്ളം കുറഞ്ഞപ്പോൾ ജനങ്ങളുടെ ശ്രദ്ധയിൽപെട്ടതാകാമെന്നും കുരുതുന്നു. നേരത്തെ കണ്ടെടുത്ത കുഴിബോംബുകൾ സൈനികർ ഉപയോഗിക്കുന്നവയാണെന്നു വിദഗ്ധ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സൈനികർ ചതുപ്പു നിലങ്ങളിൽ വാഹനങ്ങൾ പൂഴ്ന്നു പോകാതിരിക്കാനായി ഉപയോഗിക്കുന്ന പ്രത്യേക തരം ഇരുന്പു ഷീറ്റുകൾ ഇന്നലെ പോലീസ് കണ്ടെടുത്തിരുന്നു. ഇത്തരത്തിലുള്ള അഞ്ചു ഷീറ്റുകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുഴിബോംബുകളും വെടിയുണ്ടകളും സൈനികർ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെത്തിയതിന് സമീപത്തു നിന്നായാണ് ഇന്നലെ ഇരുന്പു ഷീറ്റുകൾ കണ്ടെത്തിയത്.
ഇതോടെ ഭാരതപ്പുഴയിൽ കൂടുതൽ ആയുധങ്ങളും അനുബന്ധവസ്തുക്കളും ഒളിപ്പിച്ചു വച്ചിട്ടുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പോലീസ് ഈ പ്രദേശം വിശദമായ പരിശോധനക്ക് വിധേയമാക്കി വരികയാണ്. ആയുധങ്ങൾ കണ്ടെത്തിയ സ്ഥലത്ത് പുഴയിലെ വെള്ളം വറ്റിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. ജെസിബി ഉപയോഗിച്ച് മണൽ മാറ്റുന്നതിനും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഇന്നും പരിശോധന തുടരും. പുഴയിൽ വെള്ളമുള്ള ഭാഗത്ത് കൂടുതൽ പരിശോധന നടത്തേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. അതേസമയം, ആയുധങ്ങൾ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുകയാണ്. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഒരു സംഘം മുംബൈയിൽ അന്വേഷണം നടത്തി വരികയാണ്.