ചിറ്റൂർ: പന്തൽമൂച്ചി-പാറമേട് റോഡിൽ വർധിച്ചുവരുന്ന തെരുവുനായ ശല്യംമൂലം കാൽനടയാത്രപോലും ഭീഷണിയായിരിക്കുകയാണ്. തെരുവുനായകൾ കൂട്ടമായാണ് റോഡിലൂടെ പരക്കംപായുന്നത്. പ്രഭാത സവാരിക്കുപോകുന്നവർ തെരുവുനായകളുടെ ഭീഷണി കാരണം വഴിമാറിനടക്കുകയാണ്. മദ്രസാ വിദ്യാർഥികൾ രാവിലെ രക്ഷിതാക്കളോടൊപ്പമാണ് യാത്രചെയ്യുന്നത്.
റോഡരികിൽ നിർത്തിയിടുന്ന ചരക്കുലോറി, മറ്റുവാഹനങ്ങൾ എന്നിവയ്ക്കടിയിലാണ് ഇവ തന്പടിക്കുന്നത്. ഇരുചക്രവാഹനങ്ങൾ വരുന്പോൾ ദീർഘദൂരം പിന്നാലെ പിന്തുടരുന്നത് അപകടങ്ങളും സൃഷ്ടിക്കുന്നു. ഒരുവർഷം മുന്പ് ഇതേ സ്ഥലത്ത് തെരുവുനായകളെ പിടിക്കാനെത്തിയ സംഘത്തിന്റെ കൈയിൽ രണ്ടെണ്ണം അകപ്പെട്ടിരുന്നു.
വന്ധ്യംകരണത്തിനുശേഷം ഇവ ഇവിടേക്കുതന്നെ തിരിച്ചെത്തുകയും ചെയ്തു. തെരുവുനായകൾ വളർത്തുമൃഗങ്ങളേയും ആക്രമിക്കാൻ തുനിയുന്നതായി പരാതിയുണ്ട്. തെരുവുനായ്ക്കളെ പിടികൂടുന്ന നടപടി അടിയന്തരമായി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.