വടക്കഞ്ചേരി: മണ്ണുക്ഷാമം രൂക്ഷമായതോടെ കിട്ടാവുന്ന സ്ഥലത്തുനിന്നെല്ലാം മണ്ണുഖനനമാണ് നടക്കുന്നതായി പരാതി. അനുമതിയോടെയും അനുമതിയില്ലാതെയും മണ്ണെടുക്കൽ വ്യാപകമാണ്. നെൽപാടങ്ങളെല്ലാം നികത്തികൊണ്ടിരിക്കുന്നതിനാൽ മണ്ണിനും ഡിമാന്റ് കൂടി. മുന്‍പൊക്കെ നെൽപ്പാടം നികത്തുന്നതു കണ്ടാൽ അവിടെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിക്കാർ കൊടിനാട്ടും. പിന്നാലെ വില്ലേജ് അധികൃതർ സ്റ്റോപ്പ് മെമ്മോ കൊടുക്കും.
അങ്ങനെ നാലുദിവസം പണികൾ നിർത്തും. പക്ഷേ ഇപ്പോൾ അത്തരം ചടങ്ങുകളൊന്നും നടക്കുന്നില്ല. ആർക്കും എവിടെ വേണമെങ്കിലും നിലംനികത്തി കെട്ടിടം പണിയാം. വടക്കഞ്ചേരി ടൗണിനോടു ചേർന്ന കൃഷിനിലങ്ങളെല്ലാം മണ്ണിട്ടുനികത്തി പണികൾ തകൃതിയാണ്.വള്ളിയോട് കരിപ്പാലിയിലും നിലംനികത്തി കെട്ടിടംപണി നടക്കുന്നു.
നിലംനികത്തുന്നതിനു പിന്നിൽ സ്വാധീനശക്തി കൂടുതലുള്ളവരായതിനാൽ അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകില്ല.ദേശീയപാത വികസനത്തിനായി മണ്ണെടുക്കുന്പോൾ സർക്കാരിലേക്ക് റോയൽറ്റി അടയ്ക്കണമെന്നാണ് വ്യവസ്ഥ. ഇതൊന്നും മിക്കപ്പോഴും പാലിക്കാതെയാണ് പാതയോരത്തുനിന്നും മണ്ണു തുരന്നെടുക്കൽ നടക്കുന്നത്.
ചുവട്ടുപ്പാടത്ത് മണ്ണു കുഴിച്ചെടുത്ത് ഇവിടെ മണ്തുരങ്കമായി മാറി. പന്നിയങ്കരയിലും കൊന്പഴ വില്ലൻ വളവിലമുണ്ട് ഇത്തരം മനുഷ്യനിർമിത മണ്‍തിട്ടകൾ.