പ്രമുഖരായ സ്ത്രീകള്‍ക്കുവേണ്ടി മാത്രമല്ല, താന്‍ ശബ്ദമുയര്‍ത്തുക എന്ന് വ്യക്തമാക്കികൊണ്ടും സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം നടത്തുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിനു പിന്തുണ അറിയിച്ചുകൊണ്ടും നടി പാര്‍വതി രംഗത്ത്. കേസ് സിബിഐ ഏറ്റെടുക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സെക്രട്ടറേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി സോഷ്യല്‍മീഡിയ കൂട്ടായ്മകള്‍ തിരുവനന്തപുരത്ത് സമ്മേളിച്ചതിനുശേഷമായിരുന്നു പാര്‍വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തില്‍ നിങ്ങളുടെ കൂടെ നില്‍ക്കാതിരിക്കാനാവില്ലെന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ട് ഇരുട്ടില്‍ നിര്‍ത്തപ്പെടരുതെന്നും സഹോദരനോടുള്ള നിങ്ങളുടെ സ്നേഹവും ആദരവും നേടിയെടുക്കാന്‍ നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടം ഇന്നത്തെ ആവശ്യമാണെന്നും പറയുന്നു. നമ്മളില്‍ പലരും ചൂണ്ടാന്‍ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങള്‍. സ്നേഹം. ബഹുമാനം. ഐക്യം. എന്നാണ് പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ വിഷയത്തിന്റെ പ്രസക്തി പോലും മനസിലാക്കാതെ പാര്‍വതിയുടെ പോസ്റ്റ് ആണ് എന്ന ഒറ്റ കാരണത്തില്‍ നിരവധി മോശം കമന്റുകള്‍ ആണ് ഈ പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ശ്രീജിത്തിനെ പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റാണ് ഇതെന്ന് പോലും ചിന്തിക്കാതെയാണ് മലയാളികളുടെ രോഷപ്രകടനം. വളരെ മോശം ഭാഷയില്‍ വരെയാണ് ചിലരുടെ പ്രതികരണം. മമ്മൂട്ടിക്കും കസബ ചിത്രത്തിനും എതിരെയുള്ള പാര്‍വതിയുടെ കമന്റാണ് എല്ലാവരെയും ചൊടിപ്പിച്ചത്.
നടന്‍മാരായ ടോവിനോ തോമസ്, പൃഥ്വിരാജ്, നീരജ് മാധവ് തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയുമായി എത്തിയിരുന്നു. രണ്ടര വര്‍ഷത്തില്‍ അധികമായി സ്വന്തം അനുജന്റെ മരണത്തിനു കാരണമായ പോലീസുകാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സമരം നടത്തുന്ന ശ്രീജിത്തിനു വേണ്ടി ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത് ഹാഷ് ടാഗിലൂടെയാണ് സൈബര്‍ ലോകം ഒരുമിച്ചത്.