മൗണ്ട് മോഗനൂയി: അണ്ടര്‍-19 ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യ ഗംഭീര ജയം സ്വന്തമാക്കി. പതിനൊന്ന് വലങ്കയ്യന്മാരുമായിറങ്ങിയ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ത്യയുടെ നിരയില്‍ മൂന്നു ഇടങ്കയ്യന്‍ സ്പിന്നര്‍മാരുണ്ടായിരുന്നു. 146 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ ഇന്ത്യയുടെ ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവരുടെ പേസിനു മുന്നില്‍ ഓസീസ് തകര്‍ന്നുതരിപ്പണമായി.
ഓസ്ട്രേലിയയ്ക്കെതിരേ 100 റണ്‍സിന്റെ വന്‍ ജയം നേടിയ രാഹുല്‍ ദ്രാവിഡിന്റെ ശിക്ഷ്യന്മാര് കിരീടം ലക്ഷ്യമിട്ടാണ് ലോകകപ്പിലെത്തിയതെന്ന് വെളിപ്പെടുത്തി. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴു വിക്കറ്റിന് 328 റണ്‍സ് നേടി.നായകന് പൃഥ്വി ഷാ (94), മന്‍ജോത് കല്‍റ (86), ഷുബ്മാന്‍ ഗില്‍ (63) എന്നിവരുടെ പ്രകടനമാണ് വന്‍ സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ 42.5 ഓവറില്‍ 228 റണ്‍സിന് എല്ലാവരും പുറത്തായി. 73 റണ്‍സെടുത്ത ഓപ്പണര്‍ ജാക് എഡ്വാര്‍ഡ്സ് ആണ് ടോപ് സ്കോറര്‍. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. 29.4 ഓവറില്‍ 180 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ടാക്കി ക്യാപ്റ്റന്‍ പൃഥ്വി ഷായും മന്‍ജോത് കല്‍റയും ഇന്ത്യക്ക് മികച്ച അടിത്തറ നല്കി. ഷായെ പുറത്താക്കി വില്‍ സതര്‍ലാന്‍ഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് അടിച്ചു. എട്ട് ഫോറും രണ്ടു സിക്സുമാണ് നായകന് പായിച്ചത്. ഇന്ത്യന്‍ സ്കോറിനോട്് 20 റണ്‍സ് കൂടിയെത്തിയശേഷം കല്‍റയും പുറത്തായി. 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സംഭാവന. പരം ഉപ്പലാണ് കല്റയെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ ഗില്ലും തന്റെ റോള്‍ ഭംഗിയാക്കി. 54 പന്തില്‍ 63 റണ്‍സെടുത്ത ഷുബ്മാന്‍ എഡ്വേര്‍ഡ്സ് പുറത്താക്കുകയായിരുന്നു.
അവസാന പത്ത് ഓവറിനിടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഇന്ത്യയെ വന്‍ സ്കോറിലെത്തുന്നതില്നിന്നു തടഞ്ഞു. ജാക് എഡ്വാര്‍ഡ്സ് ഒമ്പത് ഓവറില്‍ 65 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയ നല്ല തുടക്കമാണിട്ടത്. 57 റണ്‍സിലാണ് ഓസീസിന് മാക്സ് ബ്രയന്റിനെ (29) നഷ്ടമാകുന്നത്. പിന്നാലെയെത്തിയവരില്‍ നായകന് ജേസണ്‍ സാംഗ 14 റണ്‍സില്‍ പുറത്തായി. മൂന്നാം വിക്കറ്റില്‍ എഡ്വേര്‍ഡ്സും ജോനാഥന് മെര്‍ലോയും (38) ചേര്‍ന്ന് 59 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു. പിന്നീട് വന്‍ കൂട്ടുകെട്ടുകളൊന്നും പിറന്നില്ല. ബാക്സ്റ്റര് ജെ. ഹോള്‍ട്ട് (39) ഭേദപ്പെട്ട പ്രകടനം നടത്താനായുള്ളൂ. നാലു ബാറ്റ്സ്മാന്മാര് രണ്ടക്കം കാണാതെ പുറത്തായി.
മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നാഗര്‍കോട്ടിയും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.മറ്റ് മത്സരങ്ങളില്‍ ശ്രീലങ്ക അയര്‍ലന്‍ഡിനെയും ദക്ഷിണാഫ്രിക്ക കെനിയയെയും പരാജയപ്പെടുത്തി.