നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അ്കൗണ്ടന്റ്
സാധാരണഗതിയിൽ ചരക്കുസേവനനികുതി ഈടാക്കുന്നത് സപ്ലൈ നടത്തുന്ന വിലയ്ക്കാണ്. എന്നാൽ, സെക്കൻഡ് ഹാൻഡ് വസ്തുക്കളുടെ കാര്യത്തിൽ മാർജിൻ സ്കീം ആണ് അനുവർത്തിക്കുന്നത്. അതായത്, സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വിൽക്കുന്ന വിലയിൽനിന്നും അവ വാങ്ങിയ വില കുറച്ചുള്ള മാർജിനാണ് നികുതി ഈടാക്കുന്നത്. വ്യാപാരത്തിൽ മാർജിൻ ഇല്ലെങ്കിൽ ജിഎസ്ടി ഉണ്ടാവില്ല.
സിജിഎസ്ടിയിലെ 32(5) റൂൾ അനുസരിച്ച് സെക്കൻഡ് ഹാൻഡ് വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇവ വാങ്ങുന്ന സമയത്ത് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാൻ പാടില്ല. അങ്ങനെ വരുന്ന സാഹചര്യത്തിൽ വിൽക്കുന്ന വിലയിൽനിന്നും വാങ്ങിയ വില കഴിച്ചുള്ള മാർജിനാണ് ജിഎസ്ടി അടയ്ക്കേണ്ടത്. അതുപോലെതന്നെ ബാങ്കിൽനിന്നും മറ്റും കടമെടുത്തു വാങ്ങിയ വസ്തുക്കൾ മുടക്കു വരുത്തിയതിനാൽ തിരിച്ച് കസ്റ്റഡിയിൽ എടുക്കുകയും അവ വിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അവയുടെ ഒറിജിനൽ വിലയിൽനിന്നും ഓരോ ക്വാർട്ടറിലും അഞ്ചു ശതമാനം വീതം കുറവു വരുത്തി നിശ്ചയിക്കുന്ന വിലയാണ് വാങ്ങൽ വിലയായി നിശ്ചയിക്കുന്നത്.
ഉദാഹരണം: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന ഒരു സ്ഥാപനം രജിസ്ട്രേഷൻ ഇല്ലാത്ത ഒരു വ്യക്തിയോട് മൂന്നു ലക്ഷം രൂപയ്ക്ക് ഒരു പഴയ കാർ വാങ്ങിയെന്നു കരുതുക. പ്രസ്തുത സ്ഥാപനം ആ കാർ മൂന്നര ലക്ഷം രൂപയ്ക്കു വിറ്റുവെങ്കിൽ ആദ്യത്തെ സപ്ലൈ ആയ മൂന്നു ലക്ഷം രൂപയ്ക്ക് ഒഴിവുള്ളതാണ്. ജിഎസ്ടി അടയ്ക്കേണ്ടത് 50,000 രൂപയ്ക്കു മാത്രമാണ്.
സംസ്ഥാനാന്തര ചരക്കുനീക്കങ്ങൾക്ക് ഇ-വേ ബിൽ
സംസ്ഥാനാന്തര ചരക്കുനീക്കങ്ങൾക്ക് ഫെബ്രുവരി ഒന്നു മുതൽ ഇ-വേ ബിൽ നിർബന്ധമാകുന്നു. ഇവ ട്രയലായി നാളെ മുതൽ ഉപയോഗിക്കാവുന്നതാണ്. പക്ഷേ നിർബന്ധിതമായ ഉപയോഗം ഫെബ്രുവരി ഒന്നിനു നിലവിൽ വരും. സംസ്ഥാനത്തിനകത്തെ ചരക്കുഗതാഗതത്തിനുള്ള ഇ-വേ ബില്ലും 16-ാം തീയതി മുതൽ വെബ്സൈറ്റിൽനിന്നു ലഭിക്കുന്നതാണ്. എന്നാൽ, എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ ഇ-വേ ബില്ലുകൾ ജൂണ്‍ ഒന്നു മുതൽ നിലവിൽ വരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു.
ജിഎസ്ടി രജിസ്ട്രേഷനുള്ള വ്യാപാരികൾ 50,000 രൂപയ്ക്കു മുകളിലുള്ള ചരക്കുനീക്കത്തിന് ഇവ നിർബന്ധമായും ഉപയോഗിക്കണം. രജിസ്ട്രേഷൻ ഇല്ലാത്ത വ്യാപാരികളുടെ ഇൻവേഡ് സപ്ലൈക്കും ചരക്കുകളുടെ സെയിൽസ് റിട്ടേണുകൾക്കും ഇവ ഉപയോഗിക്കാം. എന്നാൽ, മോട്ടോർ വാഹനങ്ങളിൽ കൂടി അല്ലാതെയുള്ള ചരക്കുഗതാഗതത്തിനും പോർട്ടുകളിൽനിന്നും എയർപോർട്ടുകളിൽനിന്നും മറ്റും കസ്റ്റംസ് ക്ലിയറൻസായി കൊണ്ടുപോകുന്ന വസ്തുക്കൾക്കും സംസ്ഥാനത്തിനകത്ത് ട്രാൻസ്പോർട്ടറുടെ അടുത്തേക്കുള്ള ദൂരം പത്തു കിലോമീറ്ററിൽ താഴെയാണെങ്കിലും ഇ-വേ ബിൽ നിർബന്ധമില്ല.
കൂടാതെ, ഭക്ഷ്യോപയോഗത്തിനായി കൊണ്ടുപോകുന്ന ജീവനുള്ള മൃഗങ്ങൾ, മാംസം (പായ്ക്ക് ചെയ്യാതെ), ജീവനുള്ളതും അല്ലാത്തതുമായ മത്സ്യങ്ങൾ, പാൽ, തൈര്, പച്ചക്കറികൾ, ഏത്തപ്പഴം, തേങ്ങ, ഇഞ്ചി, യൂണിറ്റ് കണ്ടെയ്നറിൽ പായ്ക്ക് ചെയ്യാത്തതും ബ്രാൻഡഡ് അല്ലാത്തതുമായ പയർ, അരി, ഗോതന്പ് മുതലായ ഒട്ടനവധി നിത്യോപയോഗ വസ്തുക്കളുടെ ട്രാൻസ്പോർട്ടേഷന് ഇതു ബാധകമല്ല.
ജിഎസ്ടിയിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു
വ്യാഴാഴ്ച കൂടുന്ന ജിഎസ്ടി കൗണ്‍സിൽ ചരക്കുസേവനനികുതി നിയമങ്ങളിൽ വൻ മാറ്റങ്ങൾ കൊണ്ടുവരുമെന്ന സൂചനകൾ പുറത്തുവന്നിട്ടുണ്ട്. ഇപ്പോൾ നിലവിലുള്ള മൂന്നു റിട്ടേണ്‍ ഫോമുകൾക്കു പകരം ഒറ്റ ഫോം മതി എന്നാണ് കൗണ്‍സിൽ ഏർപ്പെടുത്തിയ കമ്മിറ്റി പഠിച്ച് റിപ്പോർട്ട് നല്‍കിയിരിക്കുന്നത്. അതുപോലെതന്നെ നിലവിലുള്ള ഇൻവോയ്സ് മാച്ചിംഗ് രീതിയും അവസാനിപ്പിക്കാൻ ആലോചനയുണ്ട്.
പകരം മാച്ചാകാത്ത ഇൻവോയ്സുകളുടെ കറക്ഷൻ പിന്നീട് ഡിപ്പാർട്ട്മെന്റൽ ആയിട്ടാകും ചെയ്യുന്നത്. നവംബർ 15നു ശേഷം വരുന്ന ഏറ്റവും വലിയ മാറ്റമായി ഇതു പരിണമിക്കും. നവംബറിലെ പരിഷ്കാരങ്ങൾ മൂലം 178 നിത്യോപയോഗ വസ്തുക്കളുടെ നികുതിനിരക്കുകൾ ഗണ്യമായി കുറച്ചിരുന്നു. കൂടാതെ, റസ്റ്ററന്റുകളിലെ നികുതിനിരക്കുകൾ അഞ്ചു ശതമാനത്തിലേക്ക് ഏകോപിപ്പിക്കുകയും ചെയ്തിരുന്നു.
ഹാൻഡിക്രാഫ്റ്റ് വസ്തുക്കളുടെ നിർവചനത്തിലും മാറ്റം വരുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. കൂടാതെ, കയറ്റുമതിയുടെ പ്രോത്സാഹനത്തിനായി പല ക്ലോസുകളിലും മാറ്റങ്ങൾ വരുമെന്ന സൂചന പുറത്തുവന്നിട്ടുണ്ട്. ജോബ് വർക്കുകളുടെ ജിഎസ്ടി നിരക്കുകളിൽ കുറവുണ്ടാകുമെന്നു കരുതപ്പെടുന്നു.
ജിഎസ്ടിയുടെ പേരിലും വ്യാജ നോട്ടിഫിക്കേഷൻ
2017 ജൂലൈ-സെപ്റ്റംബർ ത്രൈമാസത്തിലെ ജിഎസ്ടിആർ-1 ഫയൽ ചെയ്യേണ്ടിയിരുന്ന അവസാന തീയതി ഈ മാസം 10 ആയിരുന്നു. എന്നാൽ, പ്രസ്തുത തീയതി ഇന്നു വരെ (ജനുവരി 15) വരെ ദീർഘിപ്പിച്ചുവെന്നു സൂചിപ്പിച്ച് ധനമന്ത്രാലയത്തിന്റേതെന്നു തോന്നിപ്പിക്കുംവിധം “നോട്ടിഫിക്കേഷൻ നന്പർ 02/2018 സെൻട്രൽ ടാക്സ്, ന്യൂഡൽഹി’ എന്ന ടൈറ്റിലോടുകൂടി ഒരു വ്യാജൻ സോഷ്യൽ മീഡിയയിൽകൂടി വ്യാപകമാകുന്നുണ്ടായിരുന്നു. എന്നാൽ, ഇതുവ്യാജമാണെന്നും ജിഎസ്ടിആർ-1 ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ജനുവരി 10ന് അവസാനിച്ചെന്നും ധനമന്ത്രാലയം കുറിപ്പ് ഇറക്കിയിട്ടുണ്ട്.