കടയ്ക്കൽ :വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമെന്ന് സൂചന. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷന് സമീപം പുതൂക്കോണം സീതാഭവനിൽ സീതാമണി (68)യെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.
കഴിഞ്ഞദിവസം ഇളയമകൾ മാതാവിനെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ മുറിക്കുള്ളിൽനിന്ന് ദുർഗന്ധംവമിച്ചിരുന്നു. പരിസരവാസികളുടെ സഹായത്തോടെ വീട് തുറന്നുനോക്കിയപ്പോഴാണ് സീതാമണിയെ മരിച്ചനിലയിൽ കണ്ടത്. ജീർണിച്ച മൃതദേഹം കണ്ട് മകൾ ബോധകെട്ടുവീണു. വിവരമറിഞ്ഞ് കടയ്ക്കൽ പോലീസും ഫോറൻസിക് വിദഗ്ധരുമെത്തി പരിശോധന നടത്തിയിരുന്നു.
വർഷങ്ങൾക്ക് മുന്പ് ഭർത്താവ് മരിച്ചുപോയ സീതാമണി തനിച്ചാണ് താമസം. ഭർത്താവിന്റെ മരണശേഷം ചിട്ടിയും മറ്റും നടത്തി സാന്പത്തികമുണ്ടാക്കിയിരുന്നു. പണം പലിശയ്ക്ക് കൊടുപ്പും ഉണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം. ഇവർക്ക് ചില ശത്രുക്കളുണ്ടായിരുന്നതായി വിവരം ലഭിച്ചതിനെതുടർന്ന് അവരിൽ പലരെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.
സാന്പത്തിക ഇടപാടിനെ ചൊല്ലിയുള്ള പകയായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇവരുടെ മാലയും നഷ്ടപ്പെട്ടിട്ടുള്ളതായി മകൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ഇന്ന് പോസ്റ്റുമോർട്ട് നടത്തും. റൂറൽ എസ്പി യുടെ നേതൃത്വതിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത് .