സദാസമയവും ഫോണും കുത്തിപ്പിടിച്ചിരിക്കുന്ന പുതിയ തലമുറയ്ക്ക് നാടിനും നാട്ടുകാര്‍ക്കും വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ചോദിച്ചവര്ക്കെല്ലാമുള്ള ക്ൃത്യമായ മറുപടിയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍മീഡിയ നല്കികൊണ്ടിരിക്കുന്നത്. അനിയന്റെ കസ്റ്റഡി മരണത്തിന് പിന്നിലെ ദുരൂഹതയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എഴുന്നൂറിലധികം ദിവസങ്ങളായി സെക്രട്ടേറിയറ്റ് നടയ്ക്കല്‍ ഒറ്റയാള്‍ സമരം നടത്തുന്ന ശ്രീജിത്ത് എന്ന ചെറുപ്പകാരനുവേണ്ടി സംസാരിച്ചത് ഇപ്പറഞ്ഞ സോഷ്യല്‍മീഡിയയും അതില്‍ അടയിരിക്കുന്ന ചെറുപ്പക്കാരമായിരുന്നു.
അവര്‍ ആഞ്ഞുപിടിച്ചപ്പോള്‍ മാത്രമാണ് കേരളത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട പ്രമുഖര്‍ വാ തുറക്കാന്‍ തിരുമനസായത്. ശ്രീജിത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും ശ്രീജിത്തിന് നീതി ലഭിക്കാന്‍ ആവശ്യമായത് ചെയ്യുമെന്നും പലയിടത്തുനിന്നും ഉറപ്പുകള്‍ ലഭിക്കുകയും ചെയ്തു. ഇതെല്ലാം സോഷ്യല്‍മീഡിയയുടെ വിജയം തന്നെയായാണ് കണക്കാക്കപ്പെടുന്നത്.
ഈ വിജയത്തിനുശേഷമിതാ പുതിയ ഒരു ഉദ്യമവും അതിന്റെ കാമ്പയിനുമായി സോഷ്യല്‍മീഡിയ തയാറെടുക്കുന്നു. ഇടുക്കി കളക്ട്രേറ്റിന് മുന്നില്‍ 988 ദിവസമായി സമരം ചെയ്യുന്ന, പെരിഞ്ചാംകുട്ടിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഒരാളായ സരസമ്മ ഇട്ടി എന്ന വയോധികയ്ക്കുവേണ്ടിയാണത.്അടിമാലി താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം സമരപ്പന്തലില്‍ മടങ്ങിയെത്തിയപ്പോള്‍ പോകാന്‍ മറ്റൊരിടമില്ലെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുന്നതിന്റെ ചിത്രം ഒരു മാധ്യമത്തില്‍ വന്നതിനുശേഷമാണ് സോഷ്യല്‍മീഡിയയില്‍ ഇവരെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്.
ഏതായാലും ശ്രീജിത്തിനുവേണ്ടി പോരാടുന്നതോടൊപ്പം നെഞ്ചുനീറിക്കരയുന്ന ഈ അമ്മയ്ക്കുവേണ്ടിയും പോരാടാനുള്ള ഉറച്ച തീരുമാനത്തിലും തയാറെടുപ്പിലുമാണ് സോഷ്യല്‍മീഡിയ. സോഷ്യല്‍മീഡിയയുടെയും പ്രത്യേകിച്ച് ട്രോളന്മാരുടെയും ശക്തി വച്ച് അതും വിജയം കാണുമെന്ന് തന്നെ വേണം കരുതാന്‍.