ആലത്തൂർ: എഴുപത് വയസ് കഴിഞ്ഞവർക്കു ബാങ്ക് വായ്പ അനുവദിക്കാനാകില്ലെന്ന വ്യവസ്ഥ മൂലം ഒക്ടോബറിൽ നെല്ലളന്ന 80 കാരിയായ കർഷകയ്ക്കു ദേശസാത്കൃത ബാങ്കിൽനിന്ന് പണം കിട്ടിയില്ല. കാവശേരി ശ്രീലക്ഷ്മിയിൽ താമസിക്കുന്ന തരൂർ കോണിക്കലെടം ലക്ഷ്മിക്കുട്ടി നേത്യാർക്കാണ് അനുഭവം. ഒക്ടോബർ 15ന് 1,135 കിലോ നെല്ല് അളന്ന ഇവർക്ക് കിട്ടാനുള്ളത് 26,445 രൂപയാണ്. പ്രായാധിക്യം വകവയ്ക്കാതെ കാവശേരി ലിഫ്റ്റ് പാടശേഖരത്തിൽ പാരന്പര്യമായുള്ള കൃഷി നോക്കി നടത്തുകയാണിവർ.
ആലത്തൂരിലെ ദേശസാത്കൃത ബാങ്കിലാണ് ഇവർക്ക് അക്കൗണ്ട്. നെല്ലളന്നതിനു സപ്ലൈകോ നൽകിയ പിആർഎസുമായി (പാഡി റെസീറ്റ് ഷീറ്റ്) നവംബർ ആദ്യം ബാങ്കിൽ എത്തിയപ്പോൾ പണം എത്തിയിട്ടില്ല, നടപടിക്രമം പൂർത്തിയാക്കാനുണ്ട്, പട്ടിക എത്തിയിട്ടില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് മടക്കിയതായി ലക്ഷ്മിക്കുട്ടി നേത്യാർ പറഞ്ഞു. എഴുപത് വയസു കഴിഞ്ഞ പ്രശ്നം അന്നുപറഞ്ഞില്ല. രോഗബാധിതയായതിനാൽ പിന്നീട് പോകാനുമായില്ല.
ജനുവരി 12നു വീണ്ടും ബാങ്കിലെത്തിയപ്പോഴാണ്. “പ്രായം പ്രശ്നമായത്’. സപ്ലൈകോ തരാനുള്ള നെല്ലുവില വായ്പയായാണു ബാങ്ക് കർഷകനു നൽകുന്നത്. 70 വയസു വരെയേ കാർഷിക വായ്പ അനുവദിക്കൂ. പ്രായപരിധി കഴിഞ്ഞതിനാൽ പിന്തുടർച്ചാവകാശികളായ ആരെങ്കിലും വായ്പത്തുകയുടെ കൂട്ടുത്തരവാദിത്വം ഏറ്റെടുക്കണം. അതിനായി മക്കളിൽ ആരുടെയെങ്കിലും പേരിൽ ബാങ്കിൽ അക്കൗണ്ട് വേണം. പിന്തുടർച്ചാവകാശിയുടെ ആധാർ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ വേണം.
മാതൃ- പുത്രബന്ധം സാക്ഷ്യപ്പെടുത്താൻ രണ്ടു സാക്ഷികളെയും ഹാജരാക്കണം. ഇത്രയും കേട്ടതോടെ അവർ തിരികെപ്പോന്നു. മഴയും വെള്ളവും കീടവും കളയും ഉയർത്തിയ വെല്ലുവിളി അതിജീവിച്ചു കൃഷി കൊയ്തെടുത്തതിനേക്കാൾ പ്രയാസമാണല്ലോ നെല്ല് സപ്ലൈകോയ്ക്കു നൽകിയതിന്റെ വില കിട്ടാൻ എന്ന സങ്കടമാണു ലക്ഷ്മിക്കുട്ടി നേത്യാർക്ക്.
ബാങ്കിൽനിന്നു കാർഷിക വായ്പയായാണു നെല്ലിന്റെ വില അക്കൗണ്ടിലേക്കു നൽകുന്നതെന്നും, നിലവിൽ കാർഷിക വായ്പ അനുവദിക്കുന്നതു സംബന്ധിച്ചുള്ള ചട്ടം പാലിക്കുക മാത്രമാണു ചെയ്തിട്ടുള്ളതെന്നുമാണ് ബാങ്ക് അധികാരികൾ നൽകിയ വിശദീകരണം.കർഷകർക്കു ബാങ്ക് നൽകുന്ന തുകയുടെ പലിശ സഹിതമുള്ള ബാധ്യത സർക്കാരും സപ്ലൈകോയും ഏറ്റെടുത്തിട്ടുണ്ടെന്നിരിക്കെ ഇത്തരം നിബന്ധനകൾ പറഞ്ഞു ദ്രോഹിക്കുന്നതു കർഷകരുടെയും കൃഷിയുടെ ഉന്മൂലനാശത്തിലേ കലാശിക്കൂ.