തൃശൂർ: സംസ്ഥാനത്ത് കഴിഞ്ഞ വർഷം റോഡപകടങ്ങളും അപകടമരണങ്ങളും കുറഞ്ഞതായി കണക്കുകൾ. 2016ൽ 39420 റോഡപകടങ്ങൾ സംസ്ഥാനത്തുണ്ടായപ്പോൾ കഴിഞ്ഞ വർഷം പ്രാഥമിക കണക്കൂകൾ പ്രകാരം 38462 റോഡപകടങ്ങളേ ഉണ്ടായിട്ടുള്ളു. അപകട മരണങ്ങളുടെ നിരക്കിലും കുറവുണ്ട്. 2016ൽ 4287 മരണങ്ങളുണ്ടായപ്പോൾ കഴിഞ്ഞ വർഷം അത് 4035 ആയി കുറഞ്ഞു. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണം 2016ൽ 30100 ആയിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം അത് 29471 ആയി കുറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം 14008ൽ നിന്നും 12840 ആയും ചുരുങ്ങി.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ, ആലപ്പുഴ, എറണാകുളം റൂറൽ, ഇടുക്കി, തൃശൂർ സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി എന്നിവിടങ്ങളിൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവരുടെ എണ്ണത്തിൽ തിരുവനന്തപുരം സിറ്റി, റൂറൽ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം സിറ്റി, തൃശൂർ റൂറൽ, പാലക്കാട്, മലപ്പുറം, കോഴിക്കോട് സിറ്റി, റൂറൽ, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 2016നെ അപേക്ഷിച്ച് കഴിഞ്ഞവർഷം എണ്ണം കുറഞ്ഞു.
പരിക്കേറ്റവരുടെ എണ്ണത്തിന്റെ കാര്യത്തിൽ 2016മായി താരതമ്യം ചെയ്യുന്പോൾ തിരുവനന്തപുരം റൂറൽ, കൊല്ലം സിറ്റി, പാലക്കാട് ജില്ലകളിലൊഴികെ മറ്റു ജില്ലകളിൽ കുറവുണ്ട്.കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലകൾ കണ്ടെത്തി പോലീസിനെ വിന്യസിച്ചതും പോലീസും മോട്ടോർ വാഹന വകുപ്പും ഉൾപ്പടെയുള്ള ഏജൻസികൾ കൂടുതൽ നിരീക്ഷണ ക്യാമറകളും ഇന്റർസെപ്റ്റർ പോലുള്ള ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ചതും അപകടത്തിൽ പെടുന്നവർക്ക് വേഗത്തിൽ ചികിത്സ കിട്ടുന്നതിനാരംഭിച്ച സോഫ്റ്റ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സേവ് ഒൗവർ ഫെല്ലോ ട്രാവലർ പദ്ധതിയും വാഹനാപകടങ്ങളും മരണനിരക്കും പരിക്കേൽക്കുന്നവരുടെ എണ്ണവും കുറയാൻ കാരണമായിട്ടുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
അലക്ഷ്യായ പാർക്കിംഗ് ഒഴിവാക്കിയ നടപടികളും രൂപം മാറ്റിയ വാഹനങ്ങൾക്ക് എതിരെയുള്ള നടപടികളും അപകടനിരക്ക് കുറയാൻ കാരണമായതായി പറയുന്നു.
അപകടനിരക്ക് ഇനിയും; കുറയ്ക്കാൻ വാഹനപരിശോധന കർശനമാക്കാൻ ഡി.ജി.പിയുടെ നിർദ്ദേശം
സംസ്ഥാനത്ത് റോഡപകടങ്ങളുടെ നിരക്ക് ഈ വർഷം പത്തുശതമാനവും വരുന്ന മൂന്നുവർഷത്തിനുള്ളിൽ 25 ശതമാനവുമായി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പരിശോധനകൾ കൂടുതൽ കർശനമാക്കാൻ ജില്ല പോലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. കൂടുതൽ നിരീക്ഷണ ക്യാമറകൾ ദേശീയപാതയിൽ സ്ഥാപിക്കാൻ പദ്ധതിയുണ്ട്.
ദേശീയപാതയിൽ നിലവിൽ ക്യാമറ സ്ഥാപിച്ചപ്പോൾ അപകടനിരക്ക് കുറഞ്ഞതായി കണ്ടിട്ടുണ്ട്. എന്നാൽ സംസ്ഥാനപാതകളിൽ അപകടങ്ങൾ കൂടുന്നതായാണ് കാണുന്നത്. ഈ രണ്ടു പാതകളിൽ അല്ലാതെയുള്ള റോഡുകളിലും അപകടങ്ങൾ കൂടുകയാണ്. അതിനാൽ ഈ റോഡുകളിൽ പരിശോധന കൂടുതൽ കർശനമാക്കും.അപകടങ്ങളിൽ പെടുന്ന മിനി ബസുകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, ലോറികൾ, ജീപ്പ് എന്നിവയുടെ അപകടനിരക്ക് കുറഞ്ഞിട്ടുണ്ടെന്നാണ് പോലീസ് കണക്കുകൾ.
സ്വകാര്യ കാറുകളുടെ അപകടവും കൂടിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ അപകടനിരക്ക് ആകെയുളള ആക്സിഡന്റ് നിരക്കുകളുടെ അറുപതു ശതമാനമാണ്. ഹെൽമറ്റും സീറ്റ്ബെൽറ്റും നിർബന്ധമാക്കുന്നതിന്റെ ഭാഗമായി പരിശോധനകൾ കർശനമാക്കാൻ നിർദ്ദേശമുണ്ട്. രാത്രികാല അപകടങ്ങൾ കൂടുന്നത് ഒഴിവാക്കാൻ പരിശോധനകൾ കർശനമാക്കണം. ഡ്രൈവർമാർക്ക് വാഹനം നിർത്തി കടുംചായ, കട്ടൻകാപ്പി എന്നിവ നൽകാൻ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയുളള സംവിധാനങ്ങൾ ആവിഷ്കരിക്കണം
മദ്യപിച്ച് വാഹനമോടിക്കുന്നവരോടും നാലുവരിപ്പാതയിൽ ലെയിൻ ഡിസിപ്ലിൻ പാലിക്കാത്തവരോടും മൃദുസമീപനം വേണ്ടെന്നും ഡി.ജി.പി നിർദ്ദേശിച്ചു.സ്കൂളുകളിലും കോളേജുകളിലും ബോധവത്കരണ പരിപാടികൾ ശക്തമാക്കണം. പരമാവധി വാഹനങ്ങൾ തടഞ്ഞുനിർത്താതെ ബോഡി ക്യാമറകൾ, ഡിജിറ്റൽ ക്യാമറകൾ എന്നിവ ഉപയോഗിച്ച് ട്രാഫിക് പരിശോധനകൾ പൂർത്തിയാക്കുന്നതാണ് ഉചിതമെന്നും പോലീസ് മേധാവി താഴേത്തട്ടിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
മോട്ടോർ വാഹനവകുപ്പുമായി സഹകരിച്ച് പരിശോധനകൾ നടത്തണം. പരിശോധന വേളയിൽ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്നും നിർദ്ദേശമുണ്ട്.