സ്വന്തം ലേഖകന്‍
പയ്യോളി (കോഴിക്കോട്): അര്‍ധരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതിരുന്ന കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ജീവനക്കാരുടെ നടപടിയില്‍ കേരള വനിതാ കമ്മീഷന് ഇടപെട്ടു. കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വിദ്യാര്‍ഥിനിയുടെ പിതാവ് കെ.സി. അബ്ദുള്‍ അസീസില്‍നിന്ന് ഫോണ്‍ വഴി തേടി. സംഭവത്തില്‍ കമ്മീഷന് സ്വമേധയാ കേസെടുക്കും. വിദ്യാര്‍ഥിനിയില്‍നിന്ന് പരാതി ലഭിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവം ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന കടുത്ത നിലപാടിലാണ് കമ്മീഷന്.
ഇതിനിടെ മിന്നല്‍ ബസ് വിവാദമായതോടെ വിദ്യാര്‍ഥിനിയെ സ്റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് ജീവനക്കാരുടെ നടപടിയെ എതിര്‍ത്തും അനുകൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ കനത്ത വാക് പോര് നടക്കുകയാണ്. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസ് പുറപ്പെട്ടശേഷം വിദ്യാര്‍ഥിനിയെ മാവൂര്‍ റോഡില്‍ രാത്രി രണ്ടുമണിക്ക് ഇറക്കിവിടാന്‍ ശ്രമിച്ച നടപടിയെ കാടത്തം എന്നാണ് പലരും വിശേഷിപ്പിച്ചത്. സ്വന്തം പിതാവും പോലീസ് ഉദ്യോഗസ്ഥനും പയ്യോളി പോലീസ് സ്റ്റേഷന് മുന്‍പില്‍നിന്ന് കൈകാണിച്ചിട്ടും നിര്‍ത്താന്‍ തയാറാവാതിരുന്ന ജീവനക്കാര്‍ക്കുനേരെ അസഭ്യവര്‍ഷമാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്.
അതേസമയം, കെഎസ്ആര്‍ടിസി മുന്‍ എം.ഡി. രാജമാണിക്യത്തിന്റെ മിന്നല്‍ ബസ് ജീവനക്കാര്‍ക്കുള്ള സര്‍ക്കുലര്‍ പ്രചരിപ്പിച്ചാണ് എതിര്‍ചേരി പ്രതിരോധിക്കുന്നത്. ഇതില്‍ പ്രധാനമായും കെഎസ്ആര്‍ടിസി ജീവനക്കാരോ ബന്ധുക്കളോ ആണ് കൂടുതലും വന്നത്. വിദ്യാര്‍ഥിനി സ്വകാര്യ ബസ് ലോബിക്ക് വേണ്ടിയാണ് രംഗത്തുവന്നത് എന്ന മട്ടിലാണ് പ്രധാന പ്രചരണം. മുന്‍പ് ഡല്‍ഹിയില്‍ നിര്‍ഭയ പെണ്‍കുട്ടിയുടെ സംഭവം ഉണ്ടായത് രാത്രി ബസ് യാത്രയ്ക്കിടയിലാണ്. അന്ന് പെണ്‍കുട്ടി രാത്രി എന്തിന് ബസില്‍ യാത്രചെയ്തു എന്ന മട്ടിലുണ്ടായ പ്രചരണത്തെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള പ്രസ്താവനകളും ചിലര്‍ ഈ സംഭവത്തില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.
എന്നാല്‍ കെഎസ്ആര്‍ടിസിക്ക് “മിന്നല്‍’ എന്ന പേരില്‍ ഇത്തരത്തിലുള്ള ഒരു ഗതാഗത സംവിധാനം ഉണ്ടെന്ന കാര്യം പോലും തനിക്കറിയില്ലെന്ന് വിദ്യാര്‍ഥിനി പ്രതികരിക്കുന്നു. പുലര്‍ച്ചെ രണ്ടിന് പയ്യോളി പോലീസ് സ്റ്റേഷനുസമീപം നിന്ന് പോലീസ് ഉദ്യോഗസ്ഥനും പിതാവും കൈകാണിക്കുന്നത് തന്നെ ഇറക്കാന്‍ വേണ്ടിയാണെന്നും ബസ് നിര്‍ത്തിത്തരണമെന്നും ഡ്രൈവറോട് പറഞ്ഞപ്പോള്‍ കണ്ടക്ടറോട് പറയാനാണ് മറുപടി നല്‍കിയതെന്നും എന്നാല്‍ കണ്ടക്ടര്‍ “ഏതു കാട്ടില്‍നിന്ന് വരുന്നു’ എന്ന മറുപടിയാണ് നല്‍കിയതെന്നും പെണ്‍കുട്ടി പറയുന്നു.
പിന്നീട് മൂരാട് പാലത്തില്‍വച്ച് മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ കൈകാണിച്ചിട്ടും ബസ് നിര്‍ത്താഞ്ഞതോടെ തളര്‍ന്നുപോയതായും പിന്നീട് ചോന്പാല പോലീസ് കുഞ്ഞിപ്പള്ളിയില്‍ ജീപ്പ് കുറുകെയിട്ട് ബസ് തടഞ്ഞതോടെയാണ് ആശ്വാസമായതെന്നും പെണ്‍കുട്ടിപറഞ്ഞു. തുടർന്ന് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി എഴുതി നല്കി ബാപ്പയ്ക്കൊപ്പം ഇരുപത്തിയഞ്ചു കിലോമീറ്റര്‍ യാത്ര ചെയ്ത് വീട്ടില്‍ എത്തുമ്പോഴേക്കും നേരം വെളുത്തിരുന്നു.
പിറ്റേ ദിവസം രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിയും വന്നു. ആ സംഭവത്തില്‍നിന്ന് ഇപ്പോഴും താന്‍ പൂര്‍ണമായും മുക്തയായിട്ടില്ലെന്ന് വിദ്യാര്‍ഥിനി പറഞ്ഞു. അതേസമയം സംഭവത്തില്‍ പയ്യോളി പോലീസ് പെറ്റി കേസ് റജിസ്റ്റര്‍ ചെയ്തു. പോലീസ് കൈകാണിച്ചിട്ടും ബസ് നിര്‍ത്താതിരുന്ന സംഭവത്തിലാണ് കേസെടുത്തത്.