കൊണ്ടോട്ടി: വി.ടി.ബൽറാം എംഎൽഎ കൊണ്ടോട്ടിയിൽ കാലുകുത്തിയാൽ കാൽ വെട്ടിമാറ്റുമെന്ന് സമൂഹ മാധ്യമങ്ങളിൽ ഭീഷണി. കൊണ്ടോട്ടി സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ കൊണ്ടോട്ടി കൊടിമരം സഖാക്കളുടെ പേരിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലാണ് ഭീഷണി ഉയർത്തിയിരിക്കുന്നത്.
കൊണ്ടോട്ടി മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 19ന് ബൽറാമിനു കൊണ്ടോട്ടിയിൽ സ്വീകരണം നൽകുന്നുണ്ട്. ഈ പരിപാടിക്കായി കൊണ്ടോട്ടിയിൽ എത്തിയാൽ കാൽ ഞങ്ങൾ വെട്ടിമാറ്റുമെന്നാണ് വീഡിയോയിൽ പറയുന്നത്.
ബൽറാമിന്റെ മാതാപിതാക്കൾക്കെതിരെയും അസഭ്യം പറയുന്നുണ്ട്. കൊണ്ടോട്ടി കൊടി മരം സഖാക്കൾക്ക് ഇന്നു അതിനുളള ചങ്കൂറ്റവും ആരോഗ്യവും പ്രസ്ഥാനത്തിന്റെ ബലവുമുണ്ട്. ബൽറാം ജനിക്കുന്നതിനു മുന്പ് എ.കെ.ജി ജനിച്ചതു കൊണ്ടാണ് ബൽറാമിന് ഖദർ ധരിച്ച് നടക്കാൻ കഴിയുന്നത്.
ബൽറാം കൊണ്ടോട്ടിയിൽ വന്നാൽ തടയുമെന്നും വന്ന രീതിയിൽ തിരിച്ചുപോകാൻ സാധിക്കില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. അതിനെതിരെ കേസ് വന്നാൽ ഒരു കുഴപ്പവുമില്ലെന്നും പറഞ്ഞാണ് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടവർ പറയുന്നത്. ബൽറാമിനെതിരേയുളള ഭീഷണിക്കെതിരെ പ്രതിഷേധവുമായി കൊണ്ടോട്ടിയിൽ കോണ്ഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
കൊണ്ടോട്ടിയിൽ രാഷ്ട്രീയ കലാപങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നവരെ പിടികൂടി ശിക്ഷിക്കണമെന്നും എംഎൽഎക്കെതിരെ വാട്സ് ആപ്പ് പ്രചരണം നടത്തിയവർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്ഗ്രസ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. സൈബർസെൽ വഴിയുളള ഭീഷണിപ്പെടുത്തലിനു പോലീസ് കേസെടുത്തു.