കൊച്ചി: കുമ്പളത്ത് വീപ്പയ്ക്ക് അകത്തു നിന്നു കിട്ടിയ മൃതദേഹം ആരുടേതെന്ന് ഇതുവരെയും കണ്ടെത്താനായില്ല. അന്വേഷണം വഴിമുട്ടിയ അവസ്ഥയാണിപ്പോള്‍. വീപ്പയിലെ അസ്ഥികൂടം കണ്ടെത്തി അന്വേഷണം ഒരാഴ്ച പിന്നിടുമ്പോഴും ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്നു തെളിഞ്ഞിരുന്നു. 2016 ഡിസംബറിന് മുമ്പായിരിക്കണം കൊലപാതകം നടന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ സംസ്ഥാനത്ത് കാണാതായ സ്ത്രീകളുടെ വിവരങ്ങള്‍ വച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുമായി പരിശോധിക്കുമ്പോള്‍ അവ യോജിക്കുന്നില്ല എന്നതാണ് പൊലീസിന് അന്വേഷണം കീറാമുട്ടിയാകുന്നത്. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോള്‍ കൊല്ലപ്പെട്ടയാള്‍ക്ക് 153 സെന്റിമീറ്റര്‍ ഉയരമെന്നതടക്കം വിവരങ്ങള്‍ ലഭിച്ചു. കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്ന് മാസം മുന്‍പ് കാലില്‍ ഒടിവ് സംഭവിച്ചതായി കണ്ടെത്തി. ഇതിന് ശസ്ത്രക്രിയ നടത്തിയിരുന്നതായും എല്ലുകള്‍ ഉറച്ചിരുന്നില്ലെന്നും കണ്ടെത്തി. അരഞ്ഞാണത്തിന് നീളം കുറവായതിനാല്‍ മെലിഞ്ഞ ശരീര പ്രകൃതിയുള്ളയാളാണ് കൊല്ലപ്പെട്ടതെന്ന നിഗമനവും പൊലീസിനുണ്ട്.
സംസ്ഥാനത്ത് ഈ നിശ്ചിത കാലയളവില്‍ കാണാതായ പതിനഞ്ച് സ്ത്രീകളുടെ വിശദാംശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹവുമായി അവയ്ക്കൊന്നും ബന്ധമില്ലെന്നു കണ്ടെത്തുകയും ചെയ്തു.ഏകദേശം ഒരു വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് സംശയിക്കുന്ന മനുഷ്യ അസ്ഥികൂടം ജനുവരി എട്ടിനാണ് പൊലീസ് കണ്ടെത്തിയത്. വീപ്പയ്ക്ക് അകത്തുനിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ വീപ്പ തുറന്ന് പരിശോധിച്ചപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്.
കായലില്‍ തളളിയ നിലയിലായിരുന്ന വീപ്പ പത്ത് മാസം മുമ്പ് മല്‍സ്യത്തൊഴിലാളികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പിന്നീട് രണ്ട് മാസം മുന്‍പാണ് മല്‍സ്യത്തൊഴിലാളികള്‍ വീപ്പ കരയ്ക്ക് എത്തിച്ചത്. വീപ്പയില്‍നിന്നും ദുര്‍ഗന്ധം വമിച്ചതോടെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഇഷ്ടിക നിറച്ച് അതിനു മുകളില്‍ കോണ്‍ക്രീറ്റ് ഇട്ട് അടച്ച നിലയിലായിരുന്നു വീപ്പ. വീപ്പയ്ക്ക് അകത്തുനിന്നും നിരോധിച്ച 500 രൂപ നോട്ട് 3 എണ്ണവും ഒരു 100 രൂപ നോട്ടും കണ്ടെടുത്തു. തുണിയും കണ്ടെടുത്തിട്ടുണ്ട്. തുണി അഴുകിയ നിലയിലായിരുന്നു. മനുഷ്യ ശരീരം വീപ്പയ്ക്കുളളിലാക്കി കോണ്‍ക്രീറ്റ് ചെയ്ത് അടയ്ക്കുകയുമായിരുന്നെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
രണ്ടു മാസത്തിനിടെ നെട്ടൂര്‍ കായലില്‍ നിന്നും രണ്ടാമത്തെ മൃതശരീരമാണ് കണ്ടുകിട്ടുന്നത്. വീപ്പയില്‍ മൃതശരീരം കണ്ടെത്തിയ സംഭവത്തിയ സംഭവത്തില്‍ 30 അംഗ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തി.ചാക്കില്‍ 50 കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കട്ട കെട്ടി താഴ്ത്തിയ യുവാവിന്റെ മൃതദേഹം നെട്ടൂരില്‍ കായലില്‍ പൊങ്ങി വന്നതിന് പിന്നാലെയാണ് അടുത്ത കൊലപാതകവും പുറത്തു വന്നത്. യുവാവിന്റെ കൊലപാതക കേസില്‍ ഏഴ് സംഘങ്ങളായി തിരഞ്ഞ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് യാതൊരു തുമ്പും ലഭിച്ചില്ല. പ്ലാസ്റ്റിക് ചാക്കില്‍ കോണ്‍ക്രീറ്റ് കട്ട വച്ച് കായലില്‍ താഴ്ത്തിയ യുവാവിന്റെ മൃതദേഹം നവംബര്‍ അഞ്ചിനാണ് ലഭിച്ചത്. ഇഷ്ടിക ഉപയോഗിച്ചാണ് കോണ്‍ക്രീറ്റ് മിക്സ് ഉറപ്പിച്ചത്. ഇതിന് സമാനമായ നിലയിലാണ് വീപ്പയില്‍ കണ്ടെത്തിയ കോണ്‍ക്രീറ്റ് കട്ടയും. ഇഷ്ടിക അടുക്കി വച്ച ശേഷം കോണ്‍ക്രീറ്റ് മിക്സ് കൊണ്ട് ബന്ധിപ്പിച്ച വിധത്തിലാണ്. രണ്ട് കേസുകളും തമ്മില്‍ ബന്ധമുണ്ടോ എന്ന പരിശോധനയിലാണ് പോലീസ് ഇപ്പോള്‍.