കായംകുളം: ജില്ലയിലെ സംഘടനാ ശേഷിയുടെ കരുത്തറിയിച്ച് കായംകുളം നഗരത്തെ ചെങ്കടലാക്കി ചുവപ്പ് സേനാ മാർച്ചോടെ സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനം സമാപിച്ചു.ഇന്നലെ വൈകുന്നേരം കെ പി റോഡിലെ മുരുക്കുംമൂടിന് സമീപത്തുനിന്ന് ആരംഭിച്ച ചുവപ്പ് സേനാമാർച്ചിലും എം എസ്എം കോളജ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച ബഹുജന റാലിയിലും ജില്ലയിലെ വിവിധ ഏരിയകളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങൾ അണിചേർന്നു.
ലിങ്ക് റോഡിലെ കെ കെ സി നഗറിൽ പൊതുസമ്മേളനം അവസാനിക്കാറാകുന്പോഴും റാലികൾ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. ചെങ്കൊടിയേന്തിയവർക്കൊപ്പം ബാൻഡ് മേളവുംനിശ്ചലദൃശ്യങ്ങളും ബൈക്ക് റാലിയും കുതിരകളും ചുവപ്പ് സേനാമാർച്ചിൽ അകന്പടിയായി അണിനിരന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ബിജെപി ഭരണത്തിൽ രാജ്യത്ത് ദളിതുകൾക്കും മത ന്യൂനപക്ഷങ്ങൾക്കും നേരെ ആക്രമണങ്ങൾ വ്യാപകമായി. ന്യൂനപക്ഷങ്ങൾക്ക് രാജ്യത്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയായി. രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണന്നും പിണറായി പറഞ്ഞു.
നോട്ട് നിരോധനവും ജിഎസ്ടിയും കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ വകതിരിവില്ലാത്ത നടപടികളായിരുന്നു. നോട്ട് നിരോധനം രാജ്യത്തിന്റെ സന്പത്ത് വ്യവസ്ഥയെ തകർത്തു. എന്നിട്ടും വകതിരിവില്ലാത്ത നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുകയാണ്. ഇതിന്റെ തെളിവാണ് ജനങ്ങളുടെ നിക്ഷേപം ധനകാര്യ സ്ഥാപനങ്ങൾക്ക് യഥേഷ്ടം കൈകാര്യം ചെയ്യാനുളള പുതിയ നിയമവുമായി കേന്ദ്ര സർക്കാർ രംഗത്ത് വരുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സജി ചെറിയാൻ, സി.എസ്.സുജാത, സി.കെ. സദാശിവൻ,
സി.ബി. ചന്ദ്രബാബു, എം.എ. അലിയാർ, കെ.എച്ച്. ബാബുജാൻ, പി .അരവിന്ദാക്ഷൻ, എൻ. ശിവദാസൻ, ജി. വേണുഗോപാൽ, ടി .കെ. ദേവകുമാർ,എം.സുരേന്ദ്രൻ, എ. മഹേന്ദ്രൻ, ഡി. ലഷ്മണൻ, ആർ .നാസർ, കെ. പ്രസാദ്, പി. ഗാനകുമാർ, എം എൽഎ മാരായ പ്രതിഭാ ഹരി, ആർ. രാജേഷ്, എ.എം .ആരിഫ് എന്നിവർ പ്രസംഗിച്ചു.