പയ്യന്നൂര്‍: ലോറികളിലും ഓട്ടോറിക്ഷകളിലും ഫൈബര്‍ തോണികളിലുമായുള്ള മണല്‍ കടത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുവന്ന പോലീസിന്റെ കണ്ണുവെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി മണല്‍മാഫിയ രംഗത്ത്. പാലക്കോട്, എട്ടിക്കുളം എന്നിവിടങ്ങളിലാണ് മണല്‍മാഫിയ പുതിയ തന്ത്രങ്ങള്‍ പയറ്റുന്നത്.ലോറികളും ഓട്ടോറിക്ഷകളും യന്ത്രത്തിന്റെ സഹായത്തോടെ ഓടിക്കുന്ന ഫൈബര്‍ ഓടങ്ങളും കര്‍ശന നടപടികളിലൂടെ പോലീസ് പിടികൂടിയിരുന്നു.
കടല്‍ തീരങ്ങളില്‍ നിന്നും നിയമ വിരുദ്ധമായി എടുക്കുന്ന മണലാണ് കടത്തിക്കൊണ്ടിരുന്നതെന്നതിനാല് മോഷണക്കുറ്റം ചുമത്തിയാണ് ഇത്തരം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. അതിനാല്‍തന്നെ ഇവ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നതിനാല്‍ ലക്ഷങ്ങളുടെ നഷ്ടമാണ് മണല്കടത്തുകാര്ക്കുണ്ടായത്.പോലീസിന്റെ ഈ കര്‍ശന നടപടിക്ക് മുന്നില്‍ തളര്‍ന്ന മണല്‍ മാഫിയകളാണ് ഒരിടവേളക്ക് ശേഷം ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.
ബൈക്കുകളും കൈവണ്ടികളുമാണ് ഇപ്പോള്‍ മണല്കടത്താനായി ഉപയോഗിക്കുന്നത്. 60 ചാക്ക് മണല്‍ ഒരു ലോഡായി കണക്കാക്കിയാണ് എണ്ണായിരം രൂപക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുന്നത്. മൂന്ന് ചാക്ക് മണല്‍ വീതം ബൈക്കിന് പിന്നില്‍ കെട്ടിവെച്ചാണ് മണല്‍ കടത്തുന്നത്. കൈവണ്ടികളിൽ നാലും അഞ്ചും ചാക്ക് മണല്വീതം കൊണ്ടുപോകും.
ചാക്ക് നിറച്ച് കെട്ടിവെക്കാന്‍ ഒരു സഹായിയും ഉണ്ടാകും.പോലീസ് വന്നാല്‍തന്നെ ഊടുവഴികളിലൂടെയും വാഹനമുപേക്ഷിച്ചും പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നതും അഥവാ പിടിച്ചാല്‍തന്നെ നഷ്ടങ്ങള്‍ കുറയുമെന്നതുമാണ് മണല്‍കടത്തിന് ബൈക്കുകളുപയോഗിക്കാന് കാരണം.ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയമില്ലാതിരിക്കാനാണ് കൈവണ്ടി ഉപയോഗിക്കുന്നത്. അഥവാ പോലീസ് പിടിച്ചാലും മൂവായിരം രൂപയില്‍ താഴെ മാത്രമേ നഷ്ടവുമുള്ളു.
സമീപ നാളുകളിലായി തുടങ്ങിയ ഈ രീതിയിലുള്ള മണല്‍ കടത്തിലൂടെ നിരവധി ലോഡ് മണലാണ് കടപ്പുറത്ത് നിന്നും നഷ്ടമായത്.പണം കൊടുത്താലും ആവശ്യത്തിന് മണല്‍ കിട്ടാത്ത സാഹചര്യമാണ് ഗുണനിലവാരം കുറവാണെങ്കിലും കടപ്പുറം മണലിന് ഡിമാന്റുണ്ടാക്കുന്നത്. ഈ സാഹചര്യം മുതലെടുത്താണ് പുതിയ തന്ത്രങ്ങളിലൂടെ മണല്‍മാഫിയ മണല്‍ കടത്തുന്നത്.