ദുബായ്: ഐസിസി ക്രിക്കറ്റ് ഓഫ് ദ ഇയർ പുരസ്കാരം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നേടി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ പുറത്തെടുത്ത അവിസ്മരണീയ പ്രകടനമാണ് കോഹ്ലിയെ ലോക ക്രിക്കറ്റർ പദവിക്ക് അർഹനാക്കിയത്. ഏകദിനത്തിലെ മികച്ച താരത്തിനുള്ള പുരസ്കാരവും കോഹ്ലിക്ക് തന്നെ ലഭിച്ചു. ടെസ്റ്റിൽ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ്. ഇത് രണ്ടാം തവണയാണ് സ്മിത്ത് മികച്ച ടെസ്റ്റ് താരമായി തെരഞ്ഞെടുക്കപ്പെടുന്നത്.
പാക്കിസ്ഥാൻ ഓൾ റൗണ്ടർ ഹസൻ അലിയാണ് എമേർജിംഗ് പ്ലെയർ ഓഫ് ദ ഇയർ. അസോസിയേറ്റ്സ് രാജ്യങ്ങളിൽ നിന്നുള്ള മികച്ച താരമായി അഫ്ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിനെതിരേ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ നേടിയ 25 റണ്‍സിന് ആറ് വിക്കറ്റാണ് ട്വന്റി-20യിലെ മികച്ച പ്രകടനമായി ഐസിസി തെരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കൻ വംശജനായ മറൈസ് ഇറാസ്മസ് മികച്ച അംപയർക്കുള്ള ഡേവിഡ് ഷെപ്പേർഡ് ട്രോഫി സ്വന്തമാക്കി.
ഐസിസിയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായും വിരാട് കോഹ്ലിയെ തെരഞ്ഞെടുത്തു. ഐസിസി ടെസ്റ്റ് ലോക ഇലവൻ: ഡീൻ എൽഗാർ (ദക്ഷിണാഫ്രിക്ക), ഡേവിഡ് വാർണർ (ഓസ്ട്രേലിയ), വിരാട് കോഹ്ലി (ഇന്ത്യ), സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ), ചേതേശ്വർ പൂജാര (ഇന്ത്യ), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ആർ.അശ്വിൻ (ഇന്ത്യ), മിച്ചൽ സ്റ്റാർക്ക് (ഓസ്ട്രേലിയ), കഗീസോ റബാഡ (ദക്ഷിണാഫ്രിക്ക), ജയിംസ് ആൻഡേഴ്സണ് (ഇംഗ്ലണ്ട്).
ഐസിസി ഏകദിന ടീം: ഡേവിഡ് വാർണർ (ഓസ്ട്രേലിയ), രോഹിത് ശർമ (ഇന്ത്യ), വിരാട് കോഹ്ലി (ഇന്ത്യ), ബാബർ അസം (പാക്കിസ്ഥാൻ), എ.ബി.ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക), ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്), ക്വിന്റണ്‍ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), ട്രന്റ് ബോൾട്ട് (ന്യൂസിലൻഡ്), ഹസൻ അലി (പക്കിസ്ഥാൻ), റാഷിദ് ഖാൻ (അഫ്ഗാനിസ്ഥാൻ), ജസ്പ്രീത് ബുംറ (ഇന്ത്യ).