കോട്ടയം: വലിയകുളം-സീറോ ജെട്ടി റോഡ് നിർമാണവുമായി ബന്ധപ്പെട്ട കേസിൽ മുൻ ഗതാഗത മന്ത്രി തോമസ് ചാണ്ടി ഒന്നാം പ്രതി. ചാണ്ടിയെ ഒന്നാം പ്രതിയാക്കി വിജിലൻസ് എഫ്ഐആർ സമർപ്പിച്ചു. കോട്ടയം വിജിലൻസ് കോടതിയിൽ പുതിയ അന്വേഷണ സംഘമാണ് എഫ്ഐആർ സമർപ്പിച്ചത്.
കേസിലെ അന്വേഷണ റിപ്പോർട്ട് ഏപ്രിൽ 19ന് സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. അന്വേഷണ സംഘത്തെ മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന് പരാതിക്കാരൻ അഡ്വ. സുഭാഷ് കോടതിയിൽ വാദിച്ചിരുന്നു. അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന സുഭാഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
ചാണ്ടിക്കെതിരായ വിജിലൻസ് കേസ് അന്വേഷിക്കാൻ ഇന്നാണ് പുതിയ സംഘത്തെ നിയോഗിച്ചത്. തിരുവനന്തപുരം വിജിലൻസ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല. എസ്പി കെ.ഇ. ബൈജുവിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. ചാണ്ടിക്കെതിരെ പ്രാഥമിക അന്വേഷണം നടത്തിയ കോട്ടയം യൂണിറ്റിലെ ഉദ്യോഗസ്ഥരിൽ ആരും തന്നെ പുതിയ സംഘത്തിലില്ല.