കണ്ണൂർ: വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് എതിരായി കണ്ണൂരിൽ വീണ്ടും പി.ജയരാജൻ ഉൾപ്പെടെയുള്ള നേതാക്കളുടെ ബോർഡുകൾ. സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്വയം മഹത്വവത്കരിക്കപ്പെടുന്നെന്ന സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തെ തുടർന്നു പ്രവർത്തകർ നേതാക്കളുടെ ബോർഡുകൾ സ്ഥാപിക്കുന്നത് ഇടക്കാലത്ത് നിർത്തി വച്ചിരുന്നു.
ഇപ്പോൾ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് പലയിടത്തും കമ്യൂണിസ്റ്റ് ആചാര്യമാരുടെയും ദേശീയനേതാക്കളുടെയും ചിത്രങ്ങൾക്കൊപ്പം ജീവിച്ചിരിക്കുന്ന നേതാക്കളുടെ ഫോട്ടോ സഹിതമുള്ള ബോർഡുകൾ സ്ഥാപിച്ചത്.
കണ്ണൂർ-തലശേരി ദേശീയ പാതയിൽ തെഴുക്കിലെ പീടികയിൽ സമ്മേളനത്തിന്റെ ചുമരെഴുത്തിനൊപ്പം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ കൂറ്റൻ ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്. കണ്ണൂരിന്റെ സൂര്യ തേജസ് എന്ന കുറിപ്പോടു കൂടിയാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനു സമീപമായി സ്ഥാപിച്ച കവാടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുതിർന്ന കമ്യൂണിസ്റ്റും ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായ വി.എസ്. അച്യുതാനന്ദൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.
ഇതിൽ മുഖ്യമന്ത്രിയുടെ ചിത്രത്തോട് ചേർന്ന് പി. ജയരാജന്റെ മറ്റൊരു കൂറ്റൻ ചിത്രവും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയുടെ വിമർശനത്തെ തുടർന്ന് ഇത്തരം രീതികളിൽ നിന്നു പിൻമാറണമെന്നു പ്രവർത്തകർക്ക് ജയരാജൻ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ ചെറിയ ഒരിടവേളയ്ക്കു ശേഷം പ്രവർത്തകർ ജില്ലാ സെക്രട്ടറിയുടേതടക്കമുള്ള ഫോട്ടോകൾ സ്ഥാപിച്ച് സംസ്ഥാന കമ്മിറ്റിയെ വെല്ലുവിളിച്ച് നേതാവിനോടുള്ള തങ്ങളുടെ കൂറ് വ്യക്തമാക്കുകയാണ്.
ആർഎസ്എസിന്റെ ശക്തി കേന്ദ്രമായ കണ്ണൂർ തളാപ്പ് അന്പാടി മുക്കിൽ നിന്ന് ആർഎസ്എസ് വിട്ട് സിപിഎമ്മിൽ ചേർന്നവർ പി. ജയരാജനെ ആഭ്യന്തരമന്ത്രിയായും പിണറായി വിജയനെ അർജുനനായും ജയരാജനെ അർജുനന്റെ തേര് തെളിക്കുന്ന ശ്രീകൃഷ്ണനായും ചിത്രീകരിച്ചുള്ള ഫ്ലക്സ് ഉയർത്തിയിരുന്നു. ഇതിനു തുടർച്ചയെന്നോണമാണ് ജില്ലയിലെ പലയിടങ്ങളിലും പി. ജയരാജനെ പ്രകീർത്തിച്ചുള്ള ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയത്. ഇതു കൂടാതെ ജയരാജനെ പ്രശംസിച്ചുള്ള സംഗീത ശില്പവും പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഇതെല്ലാമാണ് സംസ്ഥാനകമ്മിറ്റിയുടെ വിമർശനത്തിനിടയാക്കിയത്.
കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി അണികള്‍ ജയരാജനെ മഹത്വവത്കരിച്ച് ബോര്‍ഡുകളും കലാരൂപങ്ങളും തയാറാക്കിയപ്പോള്‍ ഇതു തടയാന്‍ ജയരാജന് ശ്രമിച്ചില്ലെന്നതായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ പ്രധാന വിമര്‍ശനം. അണികളെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും വിലക്കാന്‍ ശ്രമിച്ചില്ലെന്നത് ജാഗ്രതക്കുറവാണെന്നും സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടിരുന്നു.
നേതാക്കളെ മഹത്വവത്കരിക്കുന്നത് പാര്‍ട്ടിയുടെ കോല്‍ക്കത്ത പ്ലീനത്തിന് എതിരാണെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമ്മിറ്റി കണ്ണൂർ ജില്ലാ സെക്രട്ടറിക്കെതിരേ ‘തെറ്റായ പ്രവണതകള്‍’ എന്ന തലക്കെട്ടോടെ വിമര്‍ശനം തയാറാക്കിയത്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സിദ്ധാന്തത്തിന് വിരുദ്ധമാണ് കണ്ണൂരിലെ സംഭവങ്ങളെന്നും വിലയിരുത്തിയിരുന്നു. സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ട് ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഭൂരിഭാഗം ബ്രാഞ്ചുകളിൽ നിന്നും സംസ്ഥാന കമ്മിറ്റിയുടെ നിലപാടിനെതിരേ വിമർശനമാണ് ഉയർന്നത്.