തോമസ് വർഗീസ്
തിരുവനന്തപുരം: ഒപ്പം പഠിച്ചവർ രാവിലെ കോളജിലേക്കു പോകുന്നതു കാണുമ്പോൾ വിജിയുടെ കണ്ണുകളിൽ സങ്കടക്കടലിരമ്പും. പക്ഷേ കരഞ്ഞിരിക്കാൻ നേരമില്ല. താൻ ജോലിക്കു പോയില്ലെങ്കിൽ കുടുംബം പട്ടിണിയിലാകും. സ്വപ്നങ്ങളെ പിന്നിൽവിട്ട് അവൾ വേഗം നടക്കും, ജോലി സ്ഥലത്തേക്ക്.
ഓഖി ചുഴലിക്കാറ്റിൽ പിതാവ് വിൻസെന്റ് സലോമോൻ നെറ്റോയെ(50) കാണാതായതോടെയാണ് അടിമലത്തുറ വിജി ഹൗസിൽ വിജിയെന്ന പതിനെട്ടുകാരിക്കു പഠനമോഹം ഉപേക്ഷിച്ചു കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്നത്. വീടിനു സമീപത്തെ ഹോട്ടലിൽ ദിവസവേതനത്തിൽ ജോലിക്കു പോവുകയാണ് വിജി ഇപ്പോൾ. ഒപ്പം പഠിച്ചവർ ഇപ്പോൾ ബിരുദ ക്ലാസുകളിലാണ്.
ഇനി പഠനവഴികളിലേക്കു തിരികെയെത്താൻ കഴിയുമോ എന്ന് ഈ പെണ്‍കുട്ടിക്കറിയില്ല. പക്ഷേ ഒന്നറിയാം, താൻ ഒരു ദിവസം ജോലിക്കു പോയില്ലെങ്കിൽ കുടുംബത്തിന്റെ അന്നം മുട്ടും. രണ്ട് അനുജത്തിമാരും അനുജനും അമ്മയും അടങ്ങുന്ന കുടുംബം ഇപ്പോൾ അവളുടെ വരുമാനത്തെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.
പിതാവ് വിൻസെന്റ് സലോമോൻ നെറ്റോയെ കാണാതായിട്ട് ഇന്ന് അൻപത് ദിവസം പിന്നിടുകയാണ്. ഇപ്പോഴും അവർ വിൻസെന്റിന്റെ വരവിനായി കാത്തിരിക്കുകയാണ്. വീടിനു മുന്നിൽ ടാർപ്പോളിൻ കൊണ്ട് കെട്ടിയുണ്ടാക്കിയ പന്തലിൽ വച്ചിട്ടുള്ള വിൻസെന്റിന്റെ ചിത്രത്തിനു മുന്നിൽ അദ്ദേഹത്തിന്റെ മടങ്ങിവരവിനായുള്ള പ്രാർഥന തുടരുകയാണ് ഭാര്യ ലൂർദ്മേരിയും മക്കളും.
അല്ലലൊന്നുമറിയിക്കാതെ തങ്ങളെ വളർത്തിയ പപ്പ മടങ്ങിവരും. ദൈവം തിരികെ എത്തിക്കും. ഇതു പറയുമ്പോൾ ഇളയ മകൾ ലിജയുടെ കണ്ണുകളും ഈറനണിഞ്ഞു. കാത്തിരിപ്പ് നീളുകയാണ്, എവിടെ ഉണ്ട്, എന്തു സംഭവിച്ചു എന്നൊന്നും അറിയില്ല. മനസ് നീറിപ്പുകയുകയാണ്. മൂന്നു പെണ്‍കുഞ്ഞുങ്ങൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് ചോദ്യചിഹ്നമായി മാറിയിരിക്കയാണെന്നു വിൻസെന്റിന്റെ ഭാര്യ ലൂർദ്മേരി പറയുന്നു.
മൂത്തമകൾ വിജി പ്ലസ് ടു കഴിഞ്ഞ് തുടർപഠനത്തിനായി കാത്തിരിക്കെയാണ് തീരത്ത് ദുരന്തമുണ്ടായത്. അതോടെ അവളുടെ പഠനം നിലച്ചു. തൊഴിൽ തേടി ഇറങ്ങേണ്ട അവസ്ഥയുമായി. ലൂർദ്പുരം സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിനിയായ വിജിനയും ചെപ്പാർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ ലിജയുമാണു മറ്റു രണ്ടു പെണ്മക്കൾ. ഏക മകൻ വിജിൻ കണ്ണമാലിയിൽ സെമിനാരി വിദ്യാർഥിയാണ്.
അടിമലത്തുറ കടലോരത്ത് ഒന്നര സെന്റ് സ്ഥലത്തുള്ള ഒറ്റമുറി വീട്ടിലാണ് ഇവർ കഴിഞ്ഞു കൂടുന്നത്. വീട് അറ്റകുറ്റപ്പണിക്കായും കുട്ടികളുടെ പഠനത്തിനായും ബാങ്കിൽ നിന്നു വായ്പ വാങ്ങിയിരുന്നു. ഒരു വശത്ത് കടബാധ്യത. മറുഭാഗത്ത് മൂന്നു പെണ്മക്കൾ ഉൾപ്പെടെയുള്ളവരുടെ ജീവിതം മുന്നോട്ടുകൊണ്ടുപോകണം. ആ അമ്മയുടെ മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
വിൻസെന്റിനെ കാണാതായപ്പോൾ വില്ലേജ് ഓഫീസിൽ നിന്നു 10,000 രൂപ അടിയന്തര സഹായം നല്‍കിയിരുന്നു. ഇതാണു സർക്കാർ തലത്തിൽ ലഭിച്ച ഏക സഹായമെന്നും ലൂർദ്മേരി പറഞ്ഞു.