തനിക്കൊന്നും പറയാനില്ലെന്ന് നടി വിദ്യാ ബാലൻ. വിദ്യാ ബാലനെക്കുറിച്ച് സംവിധായകൻ കമൽ പറഞ്ഞ വിവാദ പരാമർശത്തിന് മറുപടിയായാണ് വിദ്യാ ബാലൻ ഒരു ദേശീയ മാധ്യമത്തോട് ഇങ്ങനെ പറഞ്ഞത്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കമൽ ചിത്രം ആമിയിൽ വിദ്യാ ബാലനെയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് വിദ്യ ചിത്രത്തിൽ നിന്ന് മാറി. തുടർന്ന് മഞ്ജു വാര്യർ മാധവിക്കുട്ടിയുടെ വേഷം ചെയ്യുകയായിരുന്നു.
അടുത്തിടെ ഒരു വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ വിദ്യാ ബാലൻ പിന്മാറിയതിൽ സന്തോഷമേയുള്ളുവെന്നും അവർ ആമിയായി അഭിനയിച്ചിരുന്നെങ്കിൽ അതില്‍ കുറച്ച് ലൈംഗികത കടന്നുവരുമായിരുന്നു എന്നും കമൽ പറഞ്ഞത് വിവാദമായി. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് തനിക്കൊന്നും പറയാനില്ലെന്ന് വിദ്യാ ബാലൻ പ്രതികരിച്ചത്. എല്ലാം താൻ അവസാനിപ്പിച്ച സ്ഥിതിക്ക് കമലിന് മറുപടി നല്കാന് ഉദ്ദേശ്യമില്ലെന്നും വിദ്യാ ബാലൻ പറഞ്ഞു.