തുർക്കിയിലെ പാതയോരത്തു നിന്ന് ജിംനേഷ്യത്തിലേക്കു നോക്കി നിൽക്കുന്ന സിറിയൻ അഭയാർഥി ബാലന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു ഗംഭീര ക്ലൈമാക്സ് ഇപ്പോൾ ഉണ്ടായിരിക്കുകയാണ്. അഭയാർഥിബാലന് ഇതേ ജിംനേഷ്യത്തിൽ സൗജന്യമായി ആജീവനാന്ത അംഗത്വം ലഭിച്ചു.
സിറിയയിലെ ആഭ്യന്തരയുദ്ധത്തെ തുടർന്ന് തുർക്കിയിലേക്കു പലായനം ചെയ്ത മൊഹമ്മദ് ഖാലിദ് എന്ന പന്ത്രണ്ട് വയസുകാരനായിരുന്നു ഈ ചിത്രത്തിൽ. ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ചിത്രം ജിമ്മിന്റെ ഉടമയും കാണുവാൻ ഇടയായി. തുടർന്ന് ഈ ബാലനെ ആർക്കെങ്കിലും അറിയാമോ എന്നു ചോദിച്ച് അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ആളെ കണ്ടെത്തിയതോടെ ബാലന് ഈ ജിമ്മിൽ ആജിവനാന്ത അംഗത്വം സൗജന്യമായി നൽകുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. മൊഹമ്മദിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
ശരീരത്തിന്റെ അമിതവണ്ണം കുറയ്ക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്നാണ് മൊഹമ്മദ് പറയുന്നത്. ഇതിനായി ജിംനേഷ്യം അധികൃതർ അവന് പൂർണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.