കോഴിക്കോട്: നഗരത്തിലെ പ്രമുഖ ബാര്‍ ഹോട്ടലില്‍ ഇന്നലെ സിനിമാ സ്റ്റൈലില്‍ വിദ്യാര്‍ഥികള്‍ എത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ട സംഘത്തിന് വേണ്ടത് ബിയറും ബ്രാണ്ടിയും. ഒടുവില്‍ ബാര്‍ ജീവനക്കാര്‍ സംശയം തോന്നിയതോടെ തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. പിന്നെ നടന്നത് പൂരസംഘര്ഷം. ഒടുവില്‍ പ്രമുഖരുടെ മക്കളാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസും തടിയൂരി. കോഴിക്കോട് ബീച്ച് ഹോട്ടലിലാണ് സംഭവം. പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടസംഘമാണ് മദ്യം ആവശ്യപ്പെട്ടത്.
കുട്ടികളില്‍ കുറച്ചുപേര്‍ നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. പെണ്‍കുട്ടികള്‍ അടങ്ങിയ സംഘം ബാറില്‍ കയറിയതോടെ മറ്റ് കുടിയന്മാര്ക്കും ആഘോഷമായി. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഇതോടെ വിദ്യാര്‍ഥി സംഘത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇവര്‍ ചുറ്റും കൂടി. എന്നാല്‍ ഇതിലേറെ പ്രശ്നം ഇവിടെ എത്തിയ പോലീസിന്റെ അവസ്ഥയായിരുന്നു.
എന്തുചെയ്യണമെന്നറിയാതെ കുഴങ്ങിയ പോലീസിന് ഒടുവില്‍ ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലെത്തിച്ചു. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. 23 വയസില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കരുതെന്ന ശക്തമായ നിര്‍ദേശമുള്ളതിനാലാണ് പോലീസിനെ വിളിച്ചതെന്ന് ബാര്‍ ജീവനക്കാർ അറിയിച്ചു. വിദ്യാര്‍ഥികളായതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല.