തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചു. സിബിഐ അന്വേഷണ വിജ്ഞാപന ഉത്തരവിന്റെ പകർപ്പ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ സെക്രട്ടറിയേറ്റിന് മുന്നിൽ സത്യാഗ്രഹം അനുഷ്ഠിക്കുന്ന ശ്രീജിവിന്റെ സഹോദരൻ ശ്രീജിത്തിന് നൽകി.
സമരത്തിൽ നിന്നും പിൻമാറണമെന്ന് എം.വി. ജയരാജൻ ആവശ്യപ്പെട്ടു. പോലീസ് കംപ്ലയിന്റ് അതോറിറ്റി ചെയർമാന്റെ ഉത്തരവിനെതിരെ പോലീസുകാർ ഹൈക്കോടതിയിൽ നിന്നും നേടിയ സ്റ്റേ റദ്ദാക്കുന്നതിന് വേണ്ടി സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ജയരാജൻ വ്യക്തമാക്കി. ജയരാജനോടൊപ്പം സിപിഎം വി.ശിവൻകുട്ടി ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും ഉണ്ടായിരുന്നു.
ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 770 ദിവസമായി ശ്രീജിത്ത് സെക്രട്ടറിയേറ്റ് നടയിൽ സത്യാഗ്രഹം അനുഷ്ഠിച്ച് വരികയായിരുന്നു. ശ്രീജിത്തിന്റെ സമരം സോഷ്യൽ മീഡിയ കൂട്ടായ്മയും മാധ്യമപ്രവർത്തകരും ജനകീയശ്രദ്ധയിൽ കൊണ്ട് വന്നതിനെ തുടർന്ന് വിവിധ രാഷ്ട്രീയ കക്ഷികളും സംഘടനകളും സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.
സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതിനെ തുടർന്ന് കോണ്ഗ്രസ് നേതാവ് വി.എം.സുധീരൻ ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ശ്രീജിത്തിനെ സന്ദർശിക്കാൻ സമരപന്തലിൽ എത്തിയിരുന്നു.നെയ്യാറ്റിൻകര കുളത്തൂർ വെങ്കടന്പ് പുതുവൽ വീട്ടിൽ ശ്രീജിവ് (25) പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ 2014 മേയ് 21നാണ് മരിച്ചത്.
സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങിയതു കൊണ്ട് മാത്രം സമരം അവസാനിപ്പിക്കില്ലെന്ന് ശ്രീജിത്ത്. സിബിഐ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ച് താനുമായി സംസാരിച്ച ശേഷം മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളുവെന്ന് ശ്രീജിത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോഴും സ്വീകരിക്കുന്നത്. കുറ്റക്കാരായ പോലീസുകാർക്കെതിരെ ഇതുവരെക്കും നടപടി സ്വീകരിച്ചിട്ടില്ല. സർക്കാരിന്റെ നടപടിയിൽ തൃപ്തിയില്ലെന്നും ശ്രീജിത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സിബിഐ അന്വേഷണ നടപടികൾ തുടങ്ങുന്ന ഘട്ടത്തിൽ മാത്രമെ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് നേരത്തെയും പറഞ്ഞിരുന്നതെന്ന് ശ്രീജിത്ത് വിശദീകരിച്ചു.