കോട്ടയം: ചുങ്കത്ത് വീടുകൾക്കു നേരേ മദ്യക്കുപ്പിയേറ്. ചുങ്കം പാലത്തിന്റെ വടക്ക് പാലം തുടങ്ങുന്ന ഭാഗത്ത് ആറിനോട് ചേർന്നുള്ള ഏതാനും വീടുകൾക്കു നേരേയാണ് കുപ്പിയേറുണ്ടായത്. ഒരു വീടിന്റെ ഷീറ്റ് പൊട്ടി. ചിന്നി ചിതറിയ കുപ്പി ച്ചില്ലുകൾ വീടുകൾക്കുള്ളിൽ വരെ വീണു. മുറ്റത്തും വരാന്തയിലുമെല്ലാം കുപ്പിച്ചില്ലുകൾ ചിതറി കിടക്കുന്ന കാഴ്ചയാണ് വീട്ടുകാർ കണി കണ്ടത്.
കുടയംപടി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുന്പോൾ പാലത്തിന്റെ കിഴക്കു ഭാഗത്തുള്ള വീടുകൾക്കു നേരേയാണ് കുപ്പിയേറുണ്ടായത്. രാത്രി 12 മണിയോടെ ഏതോ വാഹനത്തിൽ വന്നവരാണ് കുപ്പിയെറിഞ്ഞത്. ഉപയോഗിച്ച ശേഷം വാഹനത്തിൽനിന്ന് ഉപേക്ഷിക്കുന്ന രീതിയിൽ ആയിരിക്കുമെന്നാണ് ആദ്യം വീട്ടുകാർ കരുതിയത്. ഇവിടെ താഴ്ചയിലാണ് വീടുകളുള്ളത്.
അറിയാതെ കുപ്പി ഉപേക്ഷിച്ചതാകാമെന്നും കരുതി. എന്നാൽ കുപ്പി പരിശോധിച്ചപ്പോൾ ചെളി പുരണ്ടതും മറ്റുമാണ്. മാത്രവുമല്ല കുപ്പിയിൽ മദ്യമുള്ളതിന്റെ ലക്ഷണവുമില്ല. അതിനാൽ പഴയ കുപ്പികളാണെന്ന് മനസിലായി. മദ്യകുപ്പികളും ബിയർ കുപ്പികളുമാണ് ഇത്തരത്തിൽ വീടുകൾക്കു മുകളിൽ വീണത്. ആരെങ്കിലും മനഃപൂർവം വീടുകൾക്കു നേരേ എറിഞ്ഞതാണോ അതോ കുപ്പി ഉപേക്ഷിച്ചതാണോ എന്നു വ്യക്തമല്ല. എന്തായാലും ഷീറ്റ് പൊട്ടി ചില വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്.