അന്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പതക്കം കാണാതായ സംഭവത്തിൽ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 12 പേരെ ചോദ്യം ചെയ്തതായി ക്രൈംബ്രാഞ്ച് ടെന്പിൾ ആന്റി തെഫ്റ്റ് സ്ക്വാഡ് സിഐ ആർ. രാജേഷ്. ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പടെ 12 ഓളം പേരെ ചോദ്യം ചെയ്യലിനു വിധേയമാക്കി. ക്ഷേത്രവുമായി ബന്ധപ്പെട്ട് എട്ടുപേരെയും ബാക്കി നാലുപേർ പുറമെ നിന്നുള്ളവരുമാണ്. എന്നാൽ പുറമെ നിന്നുള്ള നാലുപേരുൾപ്പടെ അഞ്ചുപേരെ വീണ്ടും ചോദ്യംചെയ്യും.
സംഭവുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനാണ് ഇവരെ വീണ്ടും ചോദ്യംചെയ്യലിന് വിധേയരാക്കുന്നത്. ലോക്കൽ പോലീസും വിജിലൻസും പ്രത്യേക അന്വേഷണ സംഘവും 60 ഓളം പേരെ ഇതുവരെ ചോദ്യംചെയ്തിട്ടുണ്ട്. ഇവർനൽകിയ മൊഴിയും ഇപ്പോൾ 12 പേർ നൽകിയ മൊഴിയും തമ്മിൽ വൈരുധ്യമുണ്ടോ എന്ന പരിശോധനയാകും വരുംദിവസങ്ങളിൽ നടക്കുക. കേസ് ഡയറിയുടെ പരിശോധനയും മൊഴിയിൽ വൈരുധ്യമുണ്ടായാൽ അതിന്റെ പരിശോധനയും അടുത്ത ഒരാഴ്ച കൊണ്ടേ പൂർത്തിയാകു എന്നും സിഐ പറഞ്ഞു.
കഴിഞ്ഞ വിഷുദിനത്തിലാണ് നവരത്നങ്ങൾ പതിച്ച പതക്കവും മാലയും നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്. ഏപ്രിൽ 19ന് ദേവസ്വം ബോർഡ് നൽകിയ പരാതിയിലാണ് കേസ് പോലീസ് അന്വേഷിച്ചത്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മേയ് 23ന് ക്ഷേത്രം കാണിക്കപ്പെട്ടികളിൽ നിന്ന് രൂപമാറ്റംവരുത്തിയ നിലയിൽ പതക്കവും മാലയും ലഭിച്ചത്.
പിന്നീട് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ മറ്റു മൂന്നു പതക്കങ്ങളോടൊപ്പമുള്ള മാലകളും കാണാനില്ലെന്ന വിവരം പുറത്തു വരികയായിരുന്നു. സമഗ്രമായ അന്വേഷണമാണിപ്പോൾ നടക്കുന്നതെന്നും ആവശ്യമെങ്കിൽ കൂടുതൽപേരെ ചോദ്യംചെയ്യുമെന്നും അദേഹം പറഞ്ഞു.