പയ്യോളി: പാതിരാത്രി ഒറ്റയ്ക്ക് യാത്ര ചെയ്ത പെണ്‍കുട്ടിയെ സ്റ്റോപ്പില്‍ ഇറക്കാത്ത സംഭവത്തില്‍ പോലീസ് ആവശ്യപ്പെട്ടിട്ടും കെഎസ്ആർടിസി മിന്നൽ ബസ് ജീവനക്കാര്‍ സ്റ്റേഷനില്‍ ഹാജരായില്ല. ചോമ്പാല പോലീസ് സ്റ്റേഷനിലാണ് ബസ് ജീവനക്കാരോട് ഇന്നലെ ഹാജരാകാന്‍ ആവശ്യപ്പെട്ടത്. പയ്യോളിയില്‍ ഇറക്കേണ്ട വിദ്യാർഥിനിയുമായി പോയ ബസ് ചോമ്പാല സ്റ്റേഷന് പരിധിയിലെ കുഞ്ഞിപ്പള്ളി വച്ച് ചോമ്പാല പോലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിക്കുകയായിരുന്നു.
സംഭവം സംബന്ധിച്ച് വിദ്യാർഥിനി ചോമ്പാല പോലീസില്‍ അന്ന് രാത്രി തന്നെ പരാതി എഴുതി നല്‍കുകയും ചെയ്തു. പിന്നീട് ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി വിദ്യാർഥിനിയുടെ രക്ഷിതാവിനെ സ്റ്റേഷനില്‍ തൊട്ടടുത്ത ദിവസം തന്നെ വിളിപ്പിക്കുകയും ചെയ്തു. സംഭവം സംബന്ധിച്ച് ഇത് വരെ ചോമ്പാല സ്റ്റേഷനില്‍ കേസേടുത്തിട്ടില്ല.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ മൊഴിയെടുത്ത ശേഷമാവും കേസെടുക്കണോ വേണ്ടെയോ എന്ന് തീരുമാനിക്കുക എന്നാണ് പോലീസ് പറഞ്ഞത്. ഇത് പ്രകാരം കെഎസ്ആർടിസി മിന്നല്‍ ബസ് ജീവനക്കാരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ വേണ്ടി ഫോണ്‍ വഴി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ ഹാജരാകാതെ വന്നതോടെ കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ജീവനക്കാരോട് ഹാജരാകാന്‍ വേണ്ടി പോലീസ് ഈ മെയിലിലൂടെ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ ഹാരാകാമെന്ന് കെഎസ്ആര്‍ടിസി ഉന്നതര്‍ മറുപടി നല്‍കിയത്. എന്നാല്‍ ജീവനക്കാര്‍ ഹാജരാകാതെ ഇവരുടെ പേരിലുള്ള നടപടികള്‍ ഒഴിവാക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയാണ് കെഎസ്ആര്‍ടിസി ചെയ്തത്. ഇതിന് വഴങ്ങരുതെന്നാണ് പോലീസ് സേനക്കുള്ളിലെ പലരുടെയും അഭിപ്രായം. പയ്യോളിയിലും മൂരാടും പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ പോയ ബസിനെ ജീപ്പ് കുറുകെയിട്ട് തടഞ്ഞാണ് പോലീസ് നിര്‍ത്തിച്ച് വിദ്യാർഥിനിയെ ഇറക്കിയത്.
ഈ സംഭവത്തില്‍ ഈ ജീവനക്കാര്‍ക്കെതിരെ പയ്യോളി പോലീസ് നേരത്തെ പെറ്റി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ത്രീ യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രികാലങ്ങളില്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തികൊടുക്കണമെന്ന വ്യവസ്ഥ മിന്നല്‍ ബസിന് ബാധകമല്ലെന്ന കെഎസ്ആര്‍ടിസി എംഡിയുടെ ഉത്തരവിന് നിയമ പ്രാബല്യം ഇല്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
പൊതുസമൂഹത്തിന്റെ നന്മയും സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച ചട്ടങ്ങള്‍ക്ക് മുകളില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ കെഎസ്ആര്‍ടിസി എംഡിക്ക് അധികാരം ആരാണ് നല്‍കിയെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. പോലീസ് ആവശ്യപ്പെട്ടാല്‍ പോലും നിര്‍ത്തേണ്ടതില്ല എന്ന് മിന്നല്‍ ബസ് ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദ്ദേശം ദുരുപയോഗം ചെയ്യാന്‍ സാധ്യത ഏറെയുണ്ട്.