കൊച്ചി: ചർമരോഗ വിദഗ്ധരുടെ സമ്മേളനത്തിൽ പങ്കെടുക്കാൻ ജാർഖണ്ഡിൽനിന്ന് എത്തിയ വനിതാ ഡോക്ടറെ നഗരത്തിലെ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ജംഷ്ഡ്പുർ സ്വദേശിനി മംമ്താ റായ് (28) ആണു മരിച്ചത്. സമ്മേളനത്തിൽ പങ്കെടുക്കുന്ന മറ്റൊരു വനിതാ ഡോക്ടർക്കൊപ്പം കച്ചേരിപ്പടി പ്രോവിഡൻസ് റോഡിലെ ഹോട്ടലിലാണു തങ്ങിയിരുന്നത്. ഇന്നലെ ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണു മരിച്ചനിലയിൽ കാണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഡോക്ടർ ശുചിമുറിയിൽ കയറിയ സമയം മുറിയിലെ ഫാനിൽ തൂങ്ങുകയായിരുന്നു.
കുരുക്ക് അറുത്ത് എംജി റോഡിലെ ആശുപത്രിയിൽ ഉടൻ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നു പിജി കഴിഞ്ഞ ശേഷം അവിടെ റെസിഡൻസി അടിസ്ഥാനത്തിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.
വിഷാദ രോഗത്തിനു ചികിൽസയിലായിരുന്നു. കുണ്ടന്നൂരിൽ കഴിഞ്ഞദിവസം തുടങ്ങിയ ചർമ രോഗവിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ് വെനേറിയോളജിസ്റ്റ് ആൻഡ് ലെപ്രോളജിസ്റ്റിന്റെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. മംമ്തയുൾപ്പെടെ എട്ടു പേരാണ് എയിംസിൽ നിന്നു കൊച്ചിയിൽ വന്നത്. വ്യാഴാഴ്ച കുണ്ടന്നൂരിലെ ഹോട്ടലിലെത്തി പേരു രജിസ്റ്റർ ചെയ്തിരുന്നു. സെൻട്രൽ പോലീസ് കേസെടുത്തു.