പ്രണയസല്ലാപങ്ങള്ക്കും കറങ്ങാനുമായി പണം കണ്ടെത്താന്‍ കമിതാക്കള്‍ വഞ്ചിച്ചത് മൂകയായ യുവതിയെ. എറണാകുളം വൈറ്റിലയിലാണ് സംഭവം. വീട്ടമ്മയുടെ ആഭരണങ്ങള്‍ ഭീഷണിപ്പെടുത്തി കൈക്കലാക്കിയ കമിതാക്കളാണ് പിടിയിലായത്. തമിഴ്നാട് സ്വദേശിനി ബധിരയും മൂകയുമായ ശരണ്യയുടെ അഞ്ചര പവന്റെ ആഭരണങ്ങളാണ് വിഷ്ണു ഗോപാല്‍(25), രേഷ്മ(22) എന്നിവര്‍ ചേര്‍ന്ന് തട്ടിയത്. ഇവരെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ശരണ്യയും കുടുംബവും വാടകയ്ക്ക് താമസിക്കുന്നതിന്റെ അടുത്ത് തന്നെയാണ് വിഷ്ണുവിന്റെയും വീട്. വിഷ്ണുവും രേഷ്മയും ശരണ്യയുടെ ഒന്നര വയസ്സുള്ള കുട്ടിയെ കളിപ്പിക്കാന്‍ എന്ന മട്ടിലാണ് അടുത്തു കൂടിയത്. രണ്ടു പ്രാവശ്യം വീട്ടില്‍ ആളുണ്ടായിരുന്നതിനാല്‍ ആഭരണം തട്ടാനുള്ള ശ്രമം നടന്നില്ല. എന്നാല്‍ വെള്ളിയാഴ്ച ആരും ഇല്ലെന്ന് ഉറപ്പു വരുത്തി ഭീഷണിപ്പെടുത്തി രേഷ്മയാണ് ആഭരണങ്ങള്‍ ഊരി വാങ്ങിയത്. ശേഷം വിഷ്ണുവിന്റെ ബൈക്കില്‍ കടന്നു കളയുകയായിരുന്നു. വീട്ടുകാര്‍ എത്തിയതോടെ സംഭവം ആംഗ്യ ഭാഷയില്‍ പറഞ്ഞെങ്കിലും മോഷ്ടാവിനെ മനസ്സിലായില്ല.
സിസിടിവിയില്‍ നിന്ന് കിട്ടിയ വിഷ്ണുവിന്റെ ചിത്രം ശരണ്യയെ കാണിച്ചെങ്കിലും മുഖവും നമ്പര്‍ പ്ലേറ്റും അവ്യക്തമായിരുന്നു. പിന്നീട് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ബൈക്കിന്റെ ഉടമ വിഷ്ണുവിന്റെ അച്ഛനാണെന്ന് മനസ്സിലായി. പിന്നീട് ഒളിവില്‍ പോയ വിഷ്ണുവിനെ വെള്ളിയാഴ്ച രാവിലെ വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നിന്ന് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.