കോട്ടയം: നഗരത്തിലെ വ്യാപാരിയെ കബളിപ്പിച്ച് മൂന്നേകാൽ ലക്ഷം രൂപയുടെ വാർക്ക കന്പി തട്ടിയെടുത്തത് മേസ്തിരി പണിക്കാരൻ. ഇയാളെ ഇന്നലെ വെസ്റ്റ് പോലീ്സ് അറസ്റ്റു ചെയ്തു. കന്പം ലോവർ ക്യാന്പ് കടവീഥി തെരുവിൽ ക്രിസ്തുരാജ് ഭവനിൽ ക്രിസ്തുരാജ് (35) ആണ് അറസ്റ്റിലായത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. കോട്ടയം ചന്തക്കടവിലെ മന്പള്ളി ട്രേഡേഴ്സിൽ നിന്ന് കഴിഞ്ഞ നവംബറിൽ ഒരു ലോഡ് കന്പി കബളിപ്പിച്ചു വാങ്ങിയെന്നാണ് കേസ്.
തട്ടിയെടുത്ത ഒരു ലോഡ് കന്പി തമിഴ്നാട്ടിൽ രണ്ടേമുക്കാൽ ലക്ഷം രൂപയ്ക്ക് വിൽപന നടത്തിയതായി പ്രതി സമ്മതിച്ചു. മേസ്തിരി പണിക്കൊപ്പം ചെറിയ പണികൾ ഏറ്റെടുത്തു നടത്തുന്നുണ്ട്. ഇങ്ങനെ നടത്തിയ പണിക്ക് പണം നല്കാൻ ഇല്ലാതെ വന്നതിനാലാണ് തട്ടിപ്പ് നടത്തിയതെന്നും പറയുന്നു.
കന്പി വിറ്റുകിട്ടിയ രണ്ടേമുക്കാൽ ലക്ഷം രൂപ പണിക്കാർക്കായി വീതിച്ചു നല്കിയെന്നും ഇയാൾ പോലീസിന് മൊഴി നല്കി. വാഗമണിലെ റിസോർട്ട് നിർമാണം നടത്തുന്ന കരാറുകാരനെന്ന വ്യാജേന ഫോണിൽ പരിചയം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ നവംബറിലാണ് ക്രിസ്റ്റി എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ താൻ കോണ്ട്രാക്ടർ ആണെന്നും വാഗമണിൽ റിസോർട്ട് നിർമാണത്തിൽ ഏർപ്പെട്ടു വരികയാണെന്നും പറഞ്ഞത്.
രണ്ടു മൂന്നു ദിവസം ഫോണിൽ സംസാരിച്ച് പരിചയം പുതുക്കിയ ശേഷം ഒരു ലോഡ് കന്പി കൊടുത്തു വിടണമെന്നും അടുത്ത ദിവസം പണം നല്കാമെന്നും അറിയിച്ചു. ഇതനുസരിച്ച് നവംബർ ഒൻപതിന് രാവിലെ ഒരു ലോറി ചന്തക്കടവിലെ കടയിലെത്തി. വാഗമണിൽ നിന്ന് കോണ്ട്രാക്ടർ ക്രിസ്റ്റി പറഞ്ഞയച്ചതാണെന്നു പറഞ്ഞു. ക്രിസ്റ്റി ഉടൻ ഫോണിൽ ബന്ധപ്പെട്ട് കന്പി അയയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിൻ പ്രകാരം ഏഴര ടണ് കന്പി ലോറിയിൽ കയറ്റി കൊണ്ടുപോയി.
രണ്ടു ദിവസം കഴിഞ്ഞിട്ടും കന്പിയുടെ വിലയായ മൂന്നേകാൽ ലക്ഷം രൂപ വ്യാപാരിക്ക് കിട്ടിയില്ല. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോൾ അടുത്ത ദിവസം തരാമെന്നു പറഞ്ഞു. അന്വേഷിച്ചപ്പോൾ ഫോണ് നന്പർ മറ്റൊരാളുടെ പേരിലുള്ളതാണെന്നും ലോറിയുടെ നന്പർ വ്യാജമാണെന്നും കണ്ടെത്തിയതോടെയാണ് പോലീസിൽ പരാതി നല്കിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. ഏലപ്പാറ സ്വദേശിയായ ക്രിസ്തുരാജ് കന്പത്തേക്ക് മാറി താമസിക്കുകയാണ്.