പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ടെക്നോളജി (സി.ആപ്റ്റ്) യിലെ രണ്ടു വനിതാ ജീവനക്കാരുടെ സത്യസന്ധതയില്‍ ഫൈനാന്‍സ് സ്ഥാപനത്തിന് തിരികെ ലഭിച്ചത് നഷ്ടപ്പെട്ടുവെന്നു കരുതിയ 1, 40, 000 രൂപയും ഒന്നരപ്പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും. ജോലിചെയ്യുന്ന സ്ഥാപനത്തിലേക്കുള്ള യാത്രയ്ക്കിടെ പള്ളിച്ചല്‍ സ്വദേശിനി ഉഷാകുമാരി, നെല്ലിമൂട് സ്വദേശിനി രാജ ഷൈലജ എന്നിവര്‍ക്കാണ് കരമന ഭാഗത്തുവച്ച് ഒരു കവര്‍ ലഭിച്ചത്.
ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. പരിശോധനയില്‍ കവറിനുള്ളില്‍ നോട്ടുകെട്ടുകളും സ്വര്‍ണവും ഉള്ളതായി മനസിലാക്കിയ ഇവര്‍ അതുമായി വട്ടിയൂര്‍ക്കാവിലേക്കു തിരിച്ചു. സ്ഥാപനത്തില്‍ കയറുന്നതിനുമുമ്പ് ഇവര്‍ തങ്ങള്‍ക്കു ലഭിച്ച പണവും സ്വര്‍ണവുമായി വട്ടിയൂര്‍ക്കാവ് സ്റ്റേഷനില്‍ എത്തി.
പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ കരമനയിലെ ആയില്യത്ത് ഫൈനാന്‍സിന്റെ വകയാണ് പണവും ഇവയെന്നു മനസിലായി. പണമിടപാടു സ്ഥാപനത്തിന്റെ രസീതുകളും മറ്റും കവറില്‍ നിന്നു കണ്ടെത്തുകയും ചെയ്തു. സ്ഥാപനത്തിന്റെ കുമാരപുരത്തെ ബ്രാഞ്ചില്‍ നിന്ന് ഒരു ജീവനക്കാരന് കരമനയിലേക്ക് പണം കൊണ്ടുവരുന്നതിനിടെ നഷ്ടപ്പെട്ടതായിരുന്നു ഇവ.
വട്ടിയൂര്‍ക്കാവ് പോലീസ് വിവരം ഫൈനാന്‍സ് സ്ഥാപനത്തെ അറിയിച്ചു. മാനേജര്‍ രവീന്ദ്രന്, അസിസ്റ്റന്റ് മാനേജര്‍ പത്മകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി നഷ്ടപ്പെട്ടുവെന്നു കരുതിയ പണവും സ്വര്‍ണവും ജീവനക്കാരുടെ സാന്നിധ്യത്തില്‍ ഏറ്റുവാങ്ങി. സ്റ്റേഷന് സന്ദര്‍ശനത്തിന് എത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ പ്രകാശ് ഈ സമയം ഇവിടെ ഉണ്ടായിരുന്നു.