കോഴിക്കോട്: എലത്തൂര്‍ കല്ലോത്ത് താഴം സ്വദേശി അബൂബക്കറിനും കുടുംബത്തിനും നീതി നിഷേധിക്കപ്പെട്ടിട്ട് വര്‍ഷങ്ങളായി. സ്ഥലത്തിന്റെയും സ്വത്തിന്റെയും പേരില്‍ ബന്ധുവായ റാസാഖുമായി അബൂബക്കറിനുണ്ടായ തര്‍ക്കമാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം ക്കുറിച്ചത്. തുടര്‍ന്ന് റസാഖ് അബൂബക്കറിന്റെ വീടിന് സമീപം വാടകയ്ക്ക് ആളുകളെ താമസിപ്പിച്ച് ഉപദ്രവിക്കുകയാണെന്ന് അബൂബക്കർ ആരോപിക്കുന്നു. സംഭവത്തില്‍ എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല.
അബൂബക്കറിന്റെ മകളെ അയല്‍വാസികള്‍ നിലത്തിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ വരെ പോലീസിന് നല്‍കിയെങ്കിലും നടപടി എടുക്കാന്‍ പോലീസ് തയ്യാറായില്ല. രണ്ട് വര്‍ഷമായി ആറ് കേസുകളാണ് എലത്തൂര്‍ പോലീസില്‍ ഇതിനകം നല്‍കിയിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും പല സമയത്തും മോശമായ സമീപനമാണ് ഉണ്ടായതെന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്നുമാണ് ഈ കുടുംബം പറയുന്നത്.
അബൂബക്കറിനും കുടുംബത്തിനും സംരക്ഷണം നല്കാന് മനുഷ്യാവകാശ കമ്മീഷനും എലത്തൂര്‍ പോലീസിനെതിരെ അന്വേഷണം നടത്താന്‍ ന്യൂനപക്ഷ കമ്മീഷനും ഉത്തരവിറക്കിയിട്ടുണ്ട്. ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലെങ്കില്‍ കൂട്ട ആത്മഹത്യ ചെയ്ത് നീതി നിഷേധത്തിനെതിരെ പ്രതികരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ബുധനാഴ്ച ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന വനിതാ കമ്മീഷന് അദാലത്തിലും അബൂബക്കറിന്റെയും കുടുംബത്തിന്റെയും പ്രശ്നം പരിഗണിച്ചിരുന്നു.