ഒരു കാലത്ത് മോഹൻലാലിന്റെ അപരനായെത്തി പ്രശസ്തി നേടിയ മദൻലാൽ വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തുന്നു. മദൻലാലിന്റെ ആദ്യചിത്രമായ സൂപ്പർസ്റ്റാർ സംവിധാനം ചെയ്ത വിനയൻ തന്നെയാണ് മദൻലാലിനെ വീണ്ടും സിനിമയിലേക്ക് തിരിച്ചു കൊണ്ടുവരുന്നത്.
വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയിലാണ് മദൻലാൽ അഭിനയിക്കുന്നത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി വിനയന് ഒരുക്കുന്ന ചിത്രമാണ് ചാലക്കുടിക്കാരൻ ചങ്ങാതി. രാജ മണിയാണ് ചിത്രത്തിൽ നായകനാകുന്നത്. 1990ൽ റിലീസ് ചെയ്ത സൂപ്പർസ്റ്റാർ വിനയന്റെ ആദ്യസംവിധാന സംരംഭമായിരുന്നു.
പി ജി വിശ്വംഭരന് സംവിധാനം ചെയ്ത പ്രവാചകൻ എന്ന സിനിമയിലും മദൻലാൽ അഭിനയിച്ചെങ്കിലും ഒരു അപകടത്തെതുടർന്ന് സിനിമാലോകത്ത് തുടരാൻ കഴിഞ്ഞില്ല. കോടീശ്വരനായ തമിഴ് നിർമാതാവിന്റെ വേഷത്തിൽ അതിഥി താരമായാണ് മദൻലാൽ ചിത്രത്തിലെത്തുന്നത്.