യുവതാരനിരയെ അണിനിരത്തി ഒമർ ലുലു സംവിധാനം ചെയ്യ്ത ഹാപ്പി വെഡ്ഡിംഗ് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. ഒമർ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ നായകവേഷത്തെ അവതരിപ്പിക്കുന്നത് ഉദയനിധി സ്റ്റാലിൻ ആണെന്നാണ് അറിയാൻ സാധിക്കുന്നത്. ഒമർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് അറിയിച്ചത്.
ഒമറിന്റെ പുതിയ ചിത്രമായ ഒരു അഡാറ് ലവിന്റെ ഷൂട്ടിംഗിനിടയിൽ നിന്നുമാണ് അദ്ദേഹം ചെന്നൈയിലെത്തി ഉദയനിധിയുമായി കരാർ ഉറപ്പിച്ചത്. 2019 ജനുവരിയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്. മറ്റ് കഥാപാത്രങ്ങൾ ആരൊക്കെയാണെന്ന് വ്യക്തമല്ല. സിജു വിൽസണ്, ഷറഫുദ്ദീൻ, ദൃശ്യ രഘുനാഥ് തുടങ്ങിയവരായിരുന്നു ഹാപ്പി വെഡ്ഡിംഗിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചവർ.
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം പ്രിയദർശൻ തമിഴിൽ നിമിർ എന്ന പേരിൽ റീമേക് ചെയ്തപ്പോൾ ഉദയനിധി സ്റ്റാലിൻ ആയിരുന്നു നായകൻ.