തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയെ കുള്ളനെന്ന് അധിക്ഷേപിച്ച സണ്മ്യൂസിക്കിനെ പൊങ്കാലയിട്ട് സൂര്യ ആരാധകർ. സൂര്യയുടെയും കെ.വി. ആനന്ദിന്റെയും പുതിയ സിനിമയെ കുറിച്ചുള്ള ചാനലിലെ ലൈവ് പ്രോഗ്രാമിനിടെ രണ്ട് വനിതാ അവതാരകരാണ് അദ്ദേഹത്തിന് പൊക്കക്കുറവുണ്ടെന്ന് പരാമർശിച്ചത്.
ചിത്രത്തിൽ ബോളിവുഡ് താരം അമിതാഭ് ബച്ചൻ പ്രഥാനകഥാപാത്രത്തെ അവതരിപ്പിക്കുമെന്നും എന്നാൽ അമിതാഭിനൊപ്പം നിൽക്കണമെങ്കിൽ സൂര്യയ്ക്ക് ഒരു സ്റ്റൂൾ ആവശ്യമാണെന്നും അനുഷ്ക നായികയായാൽ താരത്തിന് ഹീൽസ് ഉപയോഗിക്കേണ്ടിവരുമെന്നുമാണ് പരസ്പരമുള്ള സംഭാഷണത്തിൽ അവതാരകമാർ പറഞ്ഞത്.
സൂര്യയ്ക്കെതിരയുള്ള വിവാദപരമായ പരാമർശത്തെ വിമർശിച്ച് പ്രശസ്ത എഴുത്തുകാരനും നിർമാതാവുമായ ധനഞ്ജയൻ ഗോവിന്ദും നടൻ വിശാലും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരത്തിലൊരു പ്രശസ്ത ചാനലിൽ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിഷേധാർഹമാണെന്ന് ധനഞ്ജയൻ ഗോവിന്ദ് അഭിപ്രായപ്പെട്ടു. “ചരിത്രം തന്നെ പരിശോധിച്ചു നോക്കു. മഹാനായ നെപ്പോളിയന് പൊക്കമുണ്ടായിരുന്നോ. ഈ പരിപാടി ചാനൽ നീക്കം ചെയ്യണം.’- അദ്ദേഹം പറഞ്ഞു.
തനിക്കിത് തമാശയായി തോന്നുന്നില്ലെന്നാണ് നടൻ വിശാൽ ട്വിറ്ററിൽ പ്രതികരിച്ചത്. തമാശയുടെ പേരിൽ നടത്തുന്ന ഇത്തരം ആക്ഷേപകരമായ പരാമർശങ്ങൾ വിവേകശൂന്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ പ്രതിഷേധവുമായി സൂര്യ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്.