ഗാന്ധിനഗർ: ആംബുലൻസ് ഡ്രൈവർ മുങ്ങി രോഗിയായ യുവതിയും മാതാവും പാതിരാത്രിയിൽ മെഡിക്കൽ കോളജിൽ തനിച്ചായി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നു ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്ത യുവതിയെ ഗൈനക്കോളജി വിഭാഗത്തിൽ എത്തിക്കാതെ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ഇറക്കിയ ശേഷം ആംബുലൻസ് ഡ്രൈവർ മുങ്ങുകയായിരുന്നു.
ഇന്നലെ പുലർച്ചെ ഒന്നിനു കോട്ടയം മെഡിക്കൽ കോളജിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിനി സൂര്യ(28) യെയാണ് മെഡിക്കൽ കോളജിൽ എത്തിച്ചത്. ഗർഭാശയത്തിൽ മുഴ ഉണ്ടായതിനെതുടർന്നു ചികിൽസയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതിനിടെ, അസുഖം ഗുരുതരമായി.
അടിയന്തര ശസ്ത്രക്രിയ ആവശ്യമായതോടെ ഡോക്ടർമാർ ആംബുലൻസ് വിളിച്ചു വരുത്തി സൂര്യയെ മെഡിക്കൽ കോളജിലേക്കു പറഞ്ഞയക്കുകയായിരുന്നു. ഈ സമയം യുവതിയോടൊപ്പം അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു.
മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലെത്തിയ ഉടൻ ജീവനക്കാർ രോഗിയെ സ്ട്രച്ചറിൽ കയറ്റി. ഡോക്ടറെ കാണിച്ചതോടെയാണു ഗൈനക്കോളജി വിഭാഗത്തിലേക്കു കൊണ്ടുപോകാൻ നിദേശിച്ചത്.
പത്തനംതിട്ടയിൽനിന്ന് എത്തിയ ആംബുലൻസിൽ തന്നെ ഗൈനക്കോളജിയിലേക്കു പോകുന്നതിനു ഡ്രൈവറെ അന്വേഷിച്ചപ്പോഴാണു ഇയാൾ സ്ഥലംവിട്ട കാര്യമറിയുന്നത്. പിന്നീടു മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവറെ വിളിച്ചു വരുത്തിയാണു ഗൈനേക്കാളജി വിഭാഗത്തിലേക്ക് ആംബുലൻസിൽ രോഗിയെ എത്തിച്ചത്. രോഗിയെ കൊണ്ടുവന്ന ആംബുലൻസ് ഡ്രൈവർ ചട്ടം പാലിച്ചില്ലെന്നു മെഡിക്കൽ കോളജ് അധികൃതർ ആരോപിച്ചു.