നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
08-01-2018 ൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ 28-ാം നന്പർ സർക്കുലറിൽ കോളജ് ഹോസ്റ്റലിലെ മെസ് ഫീസിന് അഞ്ചു ശതമാനം ജി.എസ്.ടി. ചുമത്തേണ്ടതാണെന്ന് വ്യക്തമാക്കി. സർക്കുലറിൽ ഇപ്രകാരം സൂചിപ്പിക്കുന്നു: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെയുള്ള വിദ്യാർഥികൾക്കും സ്റ്റാഫിനും ഫാക്കൽറ്റിക്കും ഭക്ഷണം നൽകാറുണ്ട്. ഒന്നുകിൽ സ്ഥാപനം തനിച്ചോ അല്ലെങ്കിൽ വിദ്യാർഥികളോ അതുമല്ലെങ്കിൽ മൂന്നാമതൊരു പാർട്ടിയോ ആയിരിക്കാം ഇതു നടത്തുന്നത്. ഇങ്ങനെ നടത്തുന്ന കാന്റീനിൽ അല്ലെങ്കിൽ മെസിൽ വിതരണം ചെയ്യുന്ന ഭക്ഷണപാനീയങ്ങൾക്ക് അഞ്ചു ശതമാനം ജിഎസ്ടി ചാർജ് ചെയ്യണം.
ഭക്ഷണവിതരണം വിദ്യാഭ്യാസസ്ഥാപനം നേരിട്ടുനടത്തിയാലും മൂന്നാമതൊരാൾ നടത്തിയാലും ഇതിനു വ്യത്യാസം ഉണ്ടാവില്ലെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിന് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭ്യമല്ല.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മൊത്തം ഹോസ്റ്റൽ ഫീസിന്മേൽ അല്ല ജിഎസ്ടി ചുമത്തുന്നത്. പ്രതിദിന മുറിവാടക 1000 രൂപയിൽ താഴെയാണെങ്കിൽ അതിന് ജിഎസ്ടി ബാധകമല്ല. സാധാരണ ഗതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹോസ്റ്റലുകളിലെ മുറിവാടക 1000 രൂപയിൽ താഴെ മാത്രം ആയിരിക്കും. ആ സ്ഥിതിക്ക് ഹോസ്റ്റൽ ഫീസിലെ മെസ് ഫീസിനുമാത്രം ജിഎസ്ടി ചാർജ് ചെയ്യുകയും മുറിവാടക പ്രത്യേകം കാണിക്കുകയും ചെയ്താൽ മതി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതിലെ വിദ്യാർഥികൾക്കും സ്റ്റാഫിനും ഫാക്കൽറ്റിക്കും നൽകുന്ന സേവനങ്ങൾ മുഴുവനും ഒഴിവാക്കിയായിരുന്നു ജിഎസ്ടി നിയമം നടപ്പിലാക്കിയിരുന്നത്. എന്നാൽ ഇതിനു വിപരീതമായിട്ടാണ് പ്രത്യേക സർക്കുലർ വഴി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന കാന്റീനിലെയും ഹോസ്റ്റലിലെയും ഭക്ഷണവിതരണത്തിന് ജിഎസ്ടി ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ നിയമസാധുത സംശയാസ്പദമാണ്.
സിബിഇസി 13-07-2017 ൽ ഇറക്കിയ പ്രസ് റിലീസിൽ പ്രീ-സ്കൂൾ മുതൽ കോളജ് വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളിലെ ഫീസ് പൂർണമായും ഒഴിവാണെന്ന് വ്യക്തമാക്കിയിരുന്നതുമാണ്. ബോർഡിംഗ് സ്കൂളുകളിലെ ഹോസ്റ്റൽ ഫീസ് കോന്പോസിറ്റ് സപ്ലൈ ആയി മാത്രമേ കണക്കാക്കാൻ സാധിക്കൂ എന്നും വിദ്യാഭ്യാസം ആണ് പ്രധാന ഘടകം എന്നും വ്യക്തമാക്കിയിരുന്നു.
25-01-2018 മുതൽ ജിഎസ്ടിയിൽ സേവനങ്ങൾക്ക് വരുന്ന നിരക്കു മാറ്റങ്ങൾ
താഴെപ്പറയുന്ന സേവനങ്ങൾക്ക് 25-01-2018 മുതൽ ജിഎസ്ടി നിരക്കുകളിൽ കുറവുണ്ടാകും. അല്ലെങ്കിൽ ഇല്ലാതാകും. അവയിൽ പ്രധാനപ്പെട്ടവ ഇവിടെ സൂചിപ്പിക്കുന്നു. 1.വിവരാവകാശ നിയമപ്രകാരമുള്ള സേവനങ്ങൾക്ക് ജിഎസ്ടി ഇല്ലാതാകുന്നു.
2. ഗവണ്മെന്റിനും ഗവണ്മെന്റ് സ്ഥാപനങ്ങൾക്കും ലോക്കൽ അഥോറിറ്റികൾക്കും നൽകുന്ന ലീഗൽ സർവീസുകൾക്ക് ജിഎസ്ടി ഒഴിവ്.
3. മെട്രോ, മോണോ റെയിൽ പ്രൊജക്ടുകളുടെ നിർമാണ സേവനങ്ങളുടെ ജിഎസ്ടി 18ശതമാനത്തിൽനിന്നും 12ശതമാനത്തിലേക്ക് കുറച്ചിട്ടുണ്ട്. ഹൗസ് കീപ്പിംഗ് സേവനങ്ങൾക്ക് ജിഎസ്ടി ഇൻപുട്ട് ടാക്സ് ക്രെഡിറ്റില്ലാതെ അഞ്ചു ശതമാനം ആക്കി കുറച്ചു.
5. തയ്യൽ ജോലികളുടെ ജിഎസ്ടി 18ൽനിന്ന് അഞ്ചു ശതമാനത്തിലേക്ക് കുറച്ചു. 6. അമ്യൂസ്മെന്റ് പാർക്കുകളിലെ പ്രവേശനത്തിനുള്ള ഫീസിന്റെ ജിഎസ്ടി നിരക്ക് 28 ൽ നിന്നും 18ശതമാനമാക്കി കുറച്ചു.
7.ഇന്ത്യയിൽനിന്നും ചരക്ക് ട്രാൻസ്പോർട്ട് ചെയ്യുന്പോൾ ഈടാക്കുന്ന ഫീസിന്റെ ജിഎസ്ടി നിർത്തലാക്കി.
8. ടൂർ ഓപ്പറേറ്റേഴ്സ് മറ്റ് ഓപ്പറേറ്റേഴ്സിനു നൽകുന്ന സേവനങ്ങൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാവുന്നതാണ്.
9. വർക്ക് കോണ്ട്രാക്ടുകൾ, സബ് കോണ്ട്രാക്ട് നൽകുന്പോൾ സബ് കോണ്ട്രാക്ടർ നൽകേണ്ടത് മെയിൻ കോണ്ട്രാക്ടറുടെ ജിഎസ്ടി നിരക്കുതന്നെ ആക്കി.
10. റെസിഡന്റ്സ് വെൽഫെയർ അസ്സോസിയേഷനുകളിലെ അംഗങ്ങൾക്ക് നൽകുന്ന സേവനങ്ങൾക്ക് നിലവിൽ ഒഴിവുണ്ടായിരുന്നു. ഒഴിവുപരിധി പ്രതിമാസ തുകയായ 5000 രൂപയിൽ നിന്ന് 7500 രൂപയായി വർധിപ്പിച്ചിട്ടുണ്ട്.
11. പൈപ് ലൈൻ വഴി ക്രൂഡ് പെട്രോളിയം ട്രാൻസ്പോർട്ട് ചെയ്യുന്ന ജോലികളുടെ ജിഎസ്ടി 18ൽനിന്നും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ അഞ്ചു ശതമാനത്തിലേക്കും അഥവാ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കുകയാണെങ്കിൽ 12ശതമാനത്തിലേക്കും കുറച്ചിട്ടുണ്ട്.
12. സെസിലും ഐഎഫ്എസ്സിയിലും ഇന്ത്യക്കു വെളിയിലുള്ളവർക്കു നൽകുന്ന ഡോളർ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾക്ക് ജിഎസ്ടി ഒഴിവാക്കി.
13. തുകൽവ്യവസായത്തിലെ ജോബ് വർക്കുകൾക്ക് ജിഎസ്ടി നിരക്ക് അഞ്ചു ശതമാനമാക്കി കുറച്ചു.
14. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷനും പരീക്ഷാ നടത്തിപ്പിനും മറ്റുമുള്ള സേവനങ്ങൾക്ക് നികുതി ഒഴിവാക്കി.
15. തിയറ്ററുകളിലും മറ്റും നടത്തപ്പെടുന്ന മ്യൂസിക്, ഡാൻസ് മുതലായവയ്ക്കുള്ള പ്രവേശനഫീസിന് നിലവിൽ 250 രൂപ വരെ ജിഎസ്ടി ഒഴിവുണ്ടായിരുന്നത് 500 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്. 16. ധാന്യങ്ങൾ സ്റ്റോർ ചെയ്തിരിക്കുന്ന ഗോഡൗണുകളിലെ ഫ്യൂമിഗേഷൻ ചാർജ്ജിന് ജിഎസ്ടി ഇല്ല.
17. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണ്ലൈനായി നടത്തുന്ന ജേർണലുകൾക്കുള്ള വരിസംഖ്യാജിഎസ്ടി ഒഴിവായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അംഗീകൃത ഡിഗ്രി നൽകുന്നവരായിരിക്കണം.
18. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെയും സ്റ്റാഫിന്റെയും അധ്യാപകരുടെയും സ്കൂളിലേക്കുള്ള ട്രാൻസ്പോർട്ടേഷൻ നടത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും വാടകയ്ക്കു നൽകുന്ന വാഹനങ്ങളുടെ സേവനത്തിന് നികുതി ഒഴിവാക്കി.
19. ഉച്ചക്കഞ്ഞി വിതരണത്തിനുവേണ്ടി 12 എ.എ. രജിസ്ട്രേഷനുള്ള സ്ഥാപനങ്ങൾ നിർമിക്കുന്ന കെട്ടിടങ്ങളുടെ നിർമാണത്തിനും റിപ്പയറിംഗിനും മറ്റും ഉള്ള സേവനങ്ങൾക്ക് 12ശതമാനം നിരക്കിലായിരിക്കും ജിഎസ്ടി.
താഴെപ്പറയുന്ന സേവനങ്ങൾക്കുള്ള ജിഎസ്ടി ഒഴിവുകൾ കൗണ്സിൽ മീറ്റീംഗിൽ വ്യക്തമാക്കിയിട്ടുണ്ട്.
1) ഹോസ്റ്റലുകളിലെ മുറിവാടകയ്ക്ക് പ്രതിദിനം 1000 രൂപ വരെ ജിഎസ്ടി ഒഴിവുണ്ട്.
2) ഉപഭോക്തൃതർക്ക കോടതികളിലെ വ്യവഹാരങ്ങൾക്കുള്ള ഫീസിനും പ്രസ്തുത കോർട്ട് ഈടാക്കുന്ന പെനാൽറ്റിക്കും നികുതി ഉണ്ടാവില്ല. 3) ആനപ്പുറത്തും ഒട്ടകപ്പുറത്തും ഒക്കെ നടത്തുന്ന ഉല്ലാസയാത്രകൾക്ക് 18% ജിഎസ്ടിബാധകമാകും. ഇവ ട്രാൻസ്പോർട്ടേഷൻ ആയി കണക്കാക്കില്ല.
4) ആശുപത്രികളിലും മറ്റും സീനിയർ ഡോക്ടറുടെയും കണ്സൾട്ടന്റ്മാരുടെയും ടെക്നീഷ്യന്മാരുടെയും സേവനങ്ങൾ ഹയർ ചെയ്യുകയോ അവരെ ജോലിക്കെടുക്കുകയോ ചെയ്താലും അവരുടെ സേവനങ്ങൾ ഹെൽത്ത് കെയർ സർവീസിൽപ്പെടുന്നതും പൂർണമായും നികുതി ഒഴിവുള്ളതും ആകുന്നു.
5) ആശുപത്രികളിൽ രോഗികൾ നൽകുന്ന മൊത്തം ചാർജും ഹെൽത്ത് കെയർ സർവീസിൽപ്പെടുന്നതാണ്.
6) ആശുപത്രികളിൽ ഡോക്ടറുടെയോ ന്യൂട്രീഷനിസ്റ്റിന്റെയോ നിർദേശമനുസരിച്ച് വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾക്ക് ജിഎസ്ടി ബാധകമല്ല. എന്നാൽ രോഗികളല്ലാത്തവർക്കും ബൈ സ്റ്റാൻഡേഴ്സിനും മറ്റും നൽകുന്ന ഭക്ഷണങ്ങൾക്ക് ജിഎസ്ടി ബാധകമാണ്.