ഏനാത്ത്: ജില്ലാ മണ്ണു പര്യവേക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ മാതൃകാ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവം കടമ്പനാട് ഗ്രാമപഞ്ചായത്തിലെ മണ്ണടി മണല്കണ്ടം ഏലായില്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ എ താഹ, ശിവശ്രീ കര്‍ഷക സംഘം പ്രസിഡന്റ് ശശീന്ദ്രന്, മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ബി. ജെ. സുല്‍ഫി എന്നിവർ പ്രസംഗിച്ചു.
നെല്‍കൃഷിക്ക് മേല്‍നോട്ടം വഹിച്ച കര്‍ഷക സംഘം സെക്രട്ടറി ലിജുവിന് ജില്ലാ മണ്ണു പര്യവേക്ഷണ ഓഫീസര്‍ എസ്. സുഷമ സുഷമ ധനസഹായം കൈമാറി. രാസവളത്തിന്റെ പ്രയോഗം നിയന്ത്രിച്ചു കൊണ്ട് നെല്‍കൃഷി ലാഭകരമായി ചെയ്യാമെന്ന സന്ദേശം കര്ഷകരിലെത്തിക്കുകയെന്ന ലക്ഷ്യവുമായാണ് ജില്ലാ മണ്ണു പര്യവേക്ഷണ കേന്ദ്രം മണ്ണടി മണല്‍ക്കണ്ടം ഏലായില്‍ ശിവശ്രീ കര്‍ഷക സംഘത്തിന്റെ അധീനതയിലുള്ള ഒരു ഹെക്ടര്‍ നിലത്തില്‍ കൃഷിയിറക്കിയത്.
ഇവിടെ മുന്നു രീതിയിലുള്ള താരതമ്യ വളപ്രയോഗത്തിലൂടെ മണ്ണിന്റെ ആരോഗ്യം നിലനില്‍ത്താനും വളപ്രയോഗത്തിന്റെ ചെലവ് പരമാവധി ലഘൂകരിച്ച് കര്ഷകന് മികച്ച നേട്ടം കൊയ്യാനാകുമെന്ന് തെളിയിക്കാന്‍ കഴിഞ്ഞതായി ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസര്‍ എസ്. സുഷമ പറഞ്ഞു.