കോട്ടയം: ശബരി എക്സ്പ്രസിൽ അമ്മയ്ക്കും മകൾക്കും മയക്കുമരുന്ന് കലർത്തിയ ചായ നൽകി കൊള്ളയടിച്ചത് തത്കാൽ റിസർവേഷനിൽ ട്രെയിനിൽ കയറിയ മൂവർ സംഘമാണെന്ന് പോലീസ് നിഗമനം. കവർച്ചയ്ക്കിരയായ അഞ്ചൽപ്പെട്ടി നെല്ലിക്കുന്നേൽ ഷീലാ സെബാസ്റ്റ്യൻ(58), മകൾ ചിക്കു മരിയ സെബാസ്റ്റ്യൻ(20) എന്നിവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശബരി എക്സ്പ്രസിൽ ആലുവയിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇരുവരും കവർച്ചയ്ക്കിരയായത്. കോയന്പത്തൂരിൽ വച്ചാണ് ഷീലയേയും മകളെയും കവർച്ചനടത്തിയത്. തുടർന്ന് മൂവർ സംഘം പാലക്കാട്ട് ഇറങ്ങിയതായും കംപാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാർ പോലീസിന് മൊഴി നൽകി.
റിസർവേഷൻ ചാർട്ടിലെ ഇവരുടെ മേൽവിലാസം വ്യാജമാണെന്നാണ് നിഗമനം. മൂവർ സംഘത്തിലെ ഒരാളായിരുന്നു ഇവരുമായി ചങ്ങാത്തം കൂടിയതും ചായ വാങ്ങി നൽകിയതെന്നും പോലീസ് പറഞ്ഞു. മറ്റു രണ്ടുപേർ മോഷണത്തിന് കൂടെ നിന്നതായിട്ടാണ് കരുതുന്നത്. തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്ത കേന്ദ്രവും ബുക്ക് ചെയ്ത ആളുടെ മൊബൈൽ നന്പറും പോലീസ് ശേഖരിക്കുന്നുണ്ട്.
ഷീലയുടെയും മകളുടെയും മൊബൈൽ ഫോണുകളും ഇരുവരുടെയും പക്കലുണ്ടായിരുന്ന 18,000രൂപ, മാല, മോതിരം, കമ്മൽ, പാദസ്വരം, പഴ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ശബരി എക്സ്പ്രസ് കോട്ടയത്ത് എത്തിയപ്പോൾ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും റെയിൽവേ പോലീസാണു കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവരുടെ മോഷണം പോയ മൊബൈൽ ഫോണുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്.