വടക്കഞ്ചേരി: ദേശീയ പാതയിലെ ബസപകടങ്ങൾക്ക് കാരണം റോഡ് നിർമാണത്തിലെ അപാകതകളും സ്വകാര്യ ബസുകളുടെ തോന്നും മട്ടിലുള്ള ഓട്ടവും. മംഗലത്തു നിന്നും സർവ്വീസ് റോഡ് വഴി വടക്കഞ്ചേരിക്ക് വരേണ്ട സ്വകാര്യ ബസ് ദേശീയ പാതയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്.
തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന മുഴുവൻ ബസുകളും ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാണ് പായുന്നത്.ദേശീയ പാതയിൽ സ്റ്റോപ്പിൽ നിർത്തുന്പോൾ പുറകെ വരുന്ന വാഹനണൾക്ക് വേഗത കുറക്കാൻ സിഗ്നൽ നൽകാറില്ലെന്നും പറയുന്നു. ദൂരെ നിന്നും വരുന്ന വാഹനങ്ങളാണ് സ്വകാര്യ ബസുകൾ ഇങ്ങനെ ദേശീയ പാതയിൽ പെട്ടെന്ന് നിർത്തുന്പോൾ അപകടത്തിൽപ്പെടുന്നത്.
പാത വികസനം നടത്തുന്പോൾ ബസുകൾ നിർത്തുന്നതിനായി ബസ്ബെ ഇല്ലാത്തതും അപകട പരന്പര സൃഷ്ടിക്കുന്നുണ്ടു്.സർവ്വീസ് റോഡ് ആരംഭിക്കുന്നിടത്തേക്ക് സ്റ്റോപ്പ് മാറ്റിയാൽ അപകടം കുറയുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടു. സർവ്വീസ് റോഡ് വഴി ബസുകൾ വന്നാൽ മംഗലം പഴയപാലം വഴി കടന്നു വരണം.
മംഗലം പാലത്തിന്റെ ബലകുറവും വീതികുറവും കൂടുതൽ ഭാരവാഹനങ്ങൾ കടത്തിവിടുന്നത് ദുരന്തത്തിന് വഴിവെക്കുമെന്നും അഭിപ്രായമുണ്ട്. മംഗലം പഴയപാലം പുതുക്കി പണിയുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യവും ശക്തമാണ്. പാലം പുതുക്കി പണിയുന്നതിന് കഴിഞ്ഞ ദിവസം സോയിൽ സർവ്വേ നടന്നെങ്കിലും സ്ഥലം എം എൽ എ കൂടിയായ മന്ത്രി എ.കെ.ബാലൻ ഇടപ്പെട്ട് പാലം പണിക്കുള്ള നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.