കണ്ണൂർ: 63-ാമത് ദേശീയ സ്കൂൾ തയ്ക്വാൻഡോ ചാന്പ്യൻഷിപ്പ് കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ തുടങ്ങി. ഇന്നലെ പെണ്‍കുട്ടികളുടെ അണ്ടർ 40 കിലോ ഗ്രാം, അണ്ടർ 55 കിലോ ഗ്രാം, ആണ്‍കുട്ടികളുടെ അണ്ടർ 45 കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്.
ഇന്ന് പെണ്‍കുട്ടികളുടെ അണ്ടർ 42 കിലോ ഗ്രാം, അണ്ടർ 52 കിലോ ഗ്രാം, അണ്ടർ 68 കിലോ ഗ്രാം മത്സരങ്ങളും ആണ്‍കുട്ടികളുടെ അണ്ടർ 51 കിലോ ഗ്രാം, അണ്ടർ 55 കിലോ ഗ്രാം, അണ്ടർ 63 കിലോ ഗ്രാം, അണ്ടർ 78 കിലോ ഗ്രാം എന്നീ വിഭാഗങ്ങളിലായി മത്സരങ്ങൾ നടക്കും.
കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളുടെയും നവോദയ വിദ്യാലയ, കേന്ദ്രീയ വിദ്യാലയ, വിദ്യാഭാരതി, ദേവ് പബ്ലിക് സ്കൂൾ ഡൽഹി എന്നിവയുടെയും ടീമുകളുൾപ്പെടെ 26 ടീമുകളാണ് മത്സരിക്കുന്നത്. 265 പെണ്‍കുട്ടികളും 242 ആണ്‍കുട്ടികളുമുൾപ്പെടെ ആകെ 507 പേർ മത്സരരംഗത്തുണ്ട്. 40 ടെക്നിക്കൽ ഒഫീഷ്യൽസ് ഉൾപ്പെടെ 160 ഒഫീഷ്യൽസുണ്ട്. മത്സരങ്ങൾ 25ന് സമാപിക്കും.
ചാന്പ്യൻഷിപ്പ് കെ.കെ.രാഗേഷ് എം.പി ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ ഷാഹിന മൊയ്തീൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് വി. രഞ്ജിത് കുമാർ, കണ്ണൂർ ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് ഒ.കെ വിനീഷ്, സ്പോർട്സ്-ഫിസിക്കൽ എഡ്യുക്കേഷൻ ജോയിന്റ് ഡയറക്ടർ ഡോ. ചാക്കോ ജോസഫ്, തയ്ക്വാൻഡോ അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി ബി. അജി, സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടർ പി.കെ. സുധീർ ബാബു, അക്കാഡമിക് എഡിപിഐ ജിമ്മി കെ. ജോസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കളരിപ്പയറ്റ് പ്രദർശനം, കലാപരിപാടികൾ തുടങ്ങിയവ അരങ്ങേറി. ഉദ്ഘാടനചടങ്ങിനു മുന്‍പായി ടീമുകളുടെ മാർച്ച് പാസ്റ്റുമുണ്ടായിരുന്നു.