തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച കേസ് സിബിഐ തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും. ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് വിവരം. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച തീരുമാനമായിരുന്നു. ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സഹോദരൻ ശ്രീജിത്തിനോട് ഈ വിവരം സർക്കാർവൃത്തങ്ങൾ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജൻ, പി.ടി.എ.റഹീം എംഎൽഎ, മുൻ എംഎൽഎ വി.ശിവൻകുട്ടി എന്നിവർ ശ്രീജിത്തിന്റെ സമരസ്ഥലത്ത് എത്തിയാണ് അന്ന് സിബിഐ അന്വേഷണം സംബന്ധിച്ച വിവരം അറിയിച്ചത്.
എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ അറിയിപ്പ് ലഭിച്ച ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളുവെന്നായിരുന്നു ശ്രീജിത്തിന്റെ നിലപാട്. ശ്രീജിത്തിന്റെ സമരം 775 ദിവസങ്ങൾ പിന്നിട്ടു.2014 മേയ് 21നായിരുന്നു ശ്രീജിവിന്റെ മരണം.
മോഷണക്കുറ്റം ആരോപിച്ചാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടർന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ശ്രീജിത്ത് സമരം തുടങ്ങിയത്.