കാഞ്ഞിരപ്പള്ളി: ബസിൽ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിന് അറസ്റ്റിലായ എലിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ആനിത്തോട്ടം (മാത്തുക്കുട്ടി) റിമാൻഡിൽ. മാത്യു പോലീസിനു നേരെയും വനിതാ കണ്ടക്ടർക്കു നേരെയും അസഭ്യ വർഷവും വെല്ലുവിളിയും നടത്തി.
ഇന്നലെ രാത്രിയിൽ കുമളിയിൽ നിന്ന് കോട്ടയത്തേക്ക് വന്ന കെസ്ആർടിസി ബസിലെ യാത്രക്കാരിയെ ശല്യപ്പെടുത്തിയതിനാണ് മാത്യു പിടിയിലായത്. രാത്രി ഏഴു മണിയോടെ പീരുമേട്ടിൽ നിന്ന് കയറിയ മാത്യു സ്ത്രീകളുടെ സീറ്റിൽ കയറിയിരുന്ന് സ്ത്രീകളുടെ ദേഹത്തേക്ക് വീണതായി ബസിലെ വനിതാ കണ്ടക്ടർ പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.
ഏലപ്പാറ സ്വദേശിയായ യാത്രക്കാരിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ശല്യവും ബഹളവും സഹിക്ക വയ്യാതെ ബസ് കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ കയറി പോലീസിനോടും കയർത്തു. വെല്ലുവിളിയും നടത്തി.
പിന്നീട് സ്റ്റേഷനിലെ ബഞ്ചിൽ കയറി കിടന്നു. പോലീസ് മാത്യുവിനെതിരേ പീഡന ശ്രമത്തിന് കേസെടുത്തതായി കാഞ്ഞിരപ്പള്ളി എസ്ഐ അറിയിച്ചു. കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.