ആലത്തൂർ: കാണാതായ നവജാത ശിശുവിനെ വിറ്റതായി സംശയം. മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. കുനിശേരി കണിയാർകോട് സ്വദേശികളായ രാജൻ, ഭാര്യ ബിന്ദു എന്നിവർക്കെതിരേയാണ് ആലത്തൂർ പോലീസ് കേസെടുത്തത്.
ഡിസംബർ 25നു ജില്ലാ ആശുപത്രിയിലാണ് അഞ്ചാമത്തെ കുഞ്ഞിനെ ബിന്ദു പ്രസവിച്ചത്. പിന്നീട് പൊള്ളാച്ചിയിലെ ഭർതൃവീട്ടിൽ താമസിച്ചു മടങ്ങിവരുന്പോൾ ഇവരോടൊപ്പം കുഞ്ഞ് ഉണ്ടായിരുന്നില്ല. കുഞ്ഞ് എവിടെയെന്നു പരിസരവാസികൾ അന്വേഷിച്ചപ്പോൾ ഭർത്താവിന്റെ സുഹൃത്തിനു വളർത്താൻ കൊടുത്തെന്ന മറുപടിയാണ് ഇവരിൽനിന്നു ലഭിച്ചത്. എന്നാൽ കുട്ടിയെ വിറ്റതാണെന്ന സംശയത്തെ തുടർന്നു നാട്ടുകാർ അറിയിച്ചതനുസരിച്ചാണു ശിശുക്ഷേമ സമിതിയുടെ ഹെൽപ്പ്ലൈനായ തണൽ അധികൃതർ കുനിശേരിയിലെ ബിന്ദുവിന്റെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചത്.
തണൽ ജില്ല കോ-ഓർഡിനേറ്റർ കെ. പ്രവീണ്‍ കുമാർ, ശിശു ക്ഷേമസമിതി ജില്ലാ ട്രഷറർ കെ.വിജയകുമാർ, എം. രണ്‍ദീഷ്, വി.കെ. കമലം, എരിമയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. വസന്തകുമാരി, ആലത്തൂർ എസ്ഐ മുഹമ്മദ് കാസീം എന്നിവർ സ്ഥലത്തെത്തിയിരുന്നു. തണൽ കോ-ഓർഡിനേറ്ററുടെ പരാതി പ്രകാരം ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
മക്കളെ പരിപാലിക്കുന്നതിനുള്ള സാന്പത്തിക ബുദ്ധിമുട്ടാണു നവജാത ശിശുവിനെ വിൽക്കാൻ കാരണമായതെന്നാണ് അധികൃതരുടെ സംശയം. പിതാവ് രാജൻ, ഇയാളുടെ അമ്മ എന്നിവർ ഈ സംഭവത്തെ തുടർന്ന് ഒളിവിലാണ്. സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിൽ അബ്ദുൾ റഹിമാൻ, രാമസ്വാമി, പ്രദീപ്, ഉഷ എന്നിവരടങ്ങിയ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്. ബിന്ദു പോലീസ് നിരീക്ഷണത്തിലാണ്.