വടക്കഞ്ചേരി: റബറിനു പിന്നാലെ കുരുമുളകുവില താഴോട്ടുപോകുന്നതിൽ മലയോരകർഷകർ ആശങ്കയിൽ. കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 700 രൂപ വിലയുണ്ടായിരുന്നിടത്ത് നിലവിൽ 380 രൂപയായി വിലയിടിഞ്ഞു. വിലയില്ലാത്തിനൊപ്പം വിളവും മൂന്നിലൊന്നായി കുറഞ്ഞതാണ് കർഷകരെ വലയ്ക്കുന്നത്.
കഴിഞ്ഞവർഷം വേനലിലെ ഉണക്കുമൂലം പാലക്കുഴിപോലെയുള്ള മലന്പ്രദേശങ്ങളിൽ മുളക് സീസണ് കർഷകർക്കു നിരാശയാണുണ്ടാക്കുന്നത്. കുരുമുളകിനു കയറ്റുമതി ഓർഡർ കുറവായതിനാൽ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണെന്നാണ് പറയുന്നത്.
വില ഇനിയും കുറയുമെന്നു പേടിപ്പിച്ച് വില പരമാവധി താഴ്ത്തിയാണ് ഏജന്റുമാരും കച്ചവടക്കാരും കർഷകരിൽനിന്നും മുളക് വാങ്ങിക്കുന്നത്. കൃഷിയുടെ കടബാധ്യത തീർക്കാൻ ഇക്കുറി വഴിയില്ലെന്നു കുരുമുളക് കർഷകർ പറയുന്നു. കടബാധ്യത തീർക്കാനുള്ള സമയമായതിനാൽ കിട്ടിയവിലയ്ക്ക് മുളക് വില്ക്കുന്ന കർഷകരും കുറവല്ല.
എല്ലാവർഷവും കാർഷികോത്പന്നങ്ങളുടെ വിലയിടിയുകയും കൂലി ഉൾപ്പെടെയുള്ള ഉത്പാദനചെലവ് കുതിച്ചുകയറുകയും ചെയ്യുന്ന സ്ഥിതിയാണ് തുടരുന്നത്. എന്നാൽ കാർഷികോത്പന്നങ്ങൾക്കെല്ലാം വിപണിയിൽ തീപിടിച്ച വിലയുമാണ്. മലയോരമേഖലയിൽ ഒരുവർഷത്തെ കുടുംബബജറ്റ് തയാറാക്കുന്നത് കുരുമുളകിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്.
മക്കളുടെ വിദ്യാഭ്യാസം മുതൽ വിവാഹംവരെയുള്ള എല്ലാം ഈ കറുത്ത മുത്തിനെ പ്രതീക്ഷിച്ചാകും. കഴിഞ്ഞ കുറച്ചുവർഷങ്ങളായി റബർകൃഷി നഷ്ടക്കണക്കിലായതോടെയാണ് ഭേദപ്പെട്ട വിലനിലനിന്നിരുന്ന കുരുമുളക് കൃഷിയിലേക്ക് കർഷകർ ചുവടുമാറ്റിയത്. പാലക്കുഴിപോലെയുള്ള ഉയർന്ന മലന്പ്രദേശത്ത് കുരുമുളകില്ലാത്ത വീടില്ല. നാനൂറു വീടുള്ളതിൽ എല്ലാ വീട്ടിലും ഈ പച്ചപ്പിന്റെ മനോഹാരിതയുണ്ട്.
റബർമരങ്ങളുടെ കാലാവധി കഴിഞ്ഞാൽ അതെല്ലാം മുറിച്ചുമാറ്റി കുരുമുളക് തോട്ടങ്ങളാണ് പാലക്കുഴിയിൽ നിറയുന്നത്. നേരത്തെയും പാലക്കുഴി കുരുമുളക് തോട്ടങ്ങളുടെ പച്ചക്കാടുകളായിരുന്നു. പിന്നീട് റബർവില ഉയർന്നപ്പോൾ കുറേ കർഷകരെല്ലാം മുളകുകൊടി വെട്ടിമാറ്റി റബർകൃഷി ചെയ്തു.
റബർവില വീണ്ടും കൂപ്പുകുത്തിയപ്പോൾ ഏതാനും വർഷങ്ങളായി കുരുമുളകിനോടു പ്രിയംകൂടി. എന്നാൽ വിലക്കുറവ് വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കുരുമുളക് വില കിലോയ്ക്ക് 500 രൂപയായി കേന്ദ്രസർക്കാർ തറവില പ്രഖ്യാപിച്ചെങ്കിലും പിന്നീടത് അട്ടിമറിക്കപ്പെട്ടു. ചുക്കുവിലയും താഴേയ്ക്കുതന്നെയാണ്. കഴിഞ്ഞവർഷം കിലോയ്ക്ക് 130 രൂപയുണ്ടായിരുന്നത്. ഈ വർഷം 110 രൂപയും അതിലും താഴെയുമാണ് ചുക്കുവില.