സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിയ്ക്ക് എതിരായ 13 കോടിയുടെ തട്ടിപ്പു കേസില്‍ സി.പി.ഐ.എമ്മിനെ രൂക്ഷമായി പരിഹസിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എല്‍.എയുടെ പരിഹാസം.
പടുകൂറ്റനൊരു ബക്കറ്റിന്റെ ചിത്രമാണ് ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ‘ചില അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ വേണ്ടി ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത് പാര്‍ട്ടി ഓഫീസിലെത്തിച്ച ബക്കറ്റ്.’ എന്ന കുറിപ്പും ചിത്രത്തിനൊപ്പം ഉണ്ടായിരുന്നു. വ്യക്തികളുടെ പേരോ കേസിനെ പറ്റിയോ പറയാതെ പരോക്ഷമായായിരുന്നു ബല്‍റാമിന്റെ പരിഹാസം.
ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം ഈടുവായ്പയും ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നു നല്‍കിയെന്നും ഇത് തിരിച്ചു നല്‍കിയിട്ടില്ല എന്നുമായിരുന്നു ദുബായ് കമ്പനിയുടെ പരാതി. ബിസിനസ് ആവശ്യത്തിനു വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുന്‍പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും കാര്‍ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിര്‍ത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ സമയത്ത് അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ 36.06 ലക്ഷമായിരുന്നെന്നും ബാങ്ക് പലിശയും കോടതിച്ചെലവും ചേര്‍ത്താണ് മൊത്തം 13 കോടി രൂപയുടെ കണക്കെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം മകനു തെറ്റുപറ്റിയിട്ടില്ലെന്നും ഏതെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ടു പോകുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. വിഷയത്തില്‍ ബിനോയ് തന്നെ വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അച്ഛന് പറയുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ബിനോയ്.