എറണാകുളം കുമ്പളത്തു പ്ലാസ്റ്റിക് വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഉദയംപേരൂരിലുള്ള സ്ത്രീയുടേതാണോയെന്നു സംശയം, പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇടതുകാലിലെ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയ ആളാണു മരിച്ചതെന്നു കണ്ടെത്തിയതോടെ നടത്തിയ അന്വേഷണമാണു പുരോഗമിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ ഇത്തരത്തില്‍ ശസ്ത്രക്രിയ നടത്തിയ ആറുപേരെയാണു കണ്ടെത്താന്‍ കഴിഞ്ഞത്. ഇതില്‍ അഞ്ചുപേരും നിലവില്‍ ജീവിച്ചിരിക്കുകയും ഇവരെ തിരിച്ചറിയുകയും ചെയ്തു.
എന്നാല്‍, ആറാമത്തെയാളും ഉദയംപേരൂര്‍ നിവാസിയുമായ സ്ത്രീയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതാണ് മരിച്ചത് ഇവര്‍ തന്നെയാണോയെന്നു പോലീസ് സംശയിക്കുന്നത്. വീപ്പയില്‍ കണ്ടെത്തിയ അസ്ഥികൂടം ഇവരുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം ഊര്‍ജിതമാണെന്നും തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ പി.പി. ഷംസ് പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവുമായിട്ടുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷം ഇവര്‍ മുംബൈക്ക് പോകുന്നു എന്ന് പറഞ്ഞതായും പിന്നീട് അമ്മയുമായി യാതൊരു വിധ ബന്ധവും ഉണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം.
ഇവര്‍ തന്നെയാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി മകളുടെ രക്തം ഡിഎന്‍എ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നാണു സൂചനകള്‍.
വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ ഇവര്‍ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അന്വേഷണത്തിനിടെ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കണങ്കാലില്‍ ശസ്ത്രക്രിയ നടത്തിയതായി പോലീസ് കണ്ടെത്തുകയായിരുന്നുവെന്നാണു വിവരം.