ജൊഹന്നാസ്ബര്‍ഗ്: ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയില്‍ വിരാട് കോഹ്ലി ഭാഗ്യത്തിന്റെ അകമ്പടയില്‍ ആക്രമിച്ചും ചേതേശ്വര്‍ പൂജാര പ്രതിരോധിച്ചും നേടിയ അര്‍ധ സെഞ്ചുറികള്‍ മാത്രമായിരുന്നു ഇന്ത്യക്ക് വാണ്ടറേഴ്സില്‍ ആദ്യ ദിനം ആശ്വസിക്കാനുണ്ടായിരുന്നത്. എന്നാല്‍ ഇരുവരും പുറത്തായശേഷം സംഭവിച്ച തകര്‍ച്ച ഇന്ത്യയെ ചെറിയ സ്കോറില്‍ ഒതുക്കി. ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ 187ന് എല്ലാവരും പുറത്തായി.
വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ പൊരുതി നേടിയ 30 റണ്‍സാണ് ഇന്ത്യയെ പൊരുതാനുള്ള നിലയിലേക്കെത്തിച്ചത്. നാലിനു 144 എന്ന നിലയില്‍നിന്നാണ് ഇന്ത്യ ക്ക് അടുത്ത 43 റണ്‍സ് ചേര്‍ത്തപ്പോള്‍ ശേഷിച്ച വിക്കറ്റുകളെല്ലാം വീണു. ആദ്യ ദിനം അവസാന അരമണിക്കൂര്‍ ബാറ്റ് ചെയ്യേണ്ടിവന്ന ദക്ഷിണാഫ്രിക്ക കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് ആറ് എന്ന നിലയിലാണ്. ഡീന്‍ എല്‍ഗര്‍ (4), നൈറ്റ് വാച്ച്മാന് കാഗിസോ റബാഡ (0) എന്നിവരാണ് ക്രീസില്‍. പേസര്‍മാര്‍ക്ക് അകമഴിഞ്ഞ് പിന്തുണ നല്കുന്ന പിച്ചില്‍ ഒരു ദിനം 11 വിക്കറ്റുകളാണ് വീണത്.
രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ രണ്ടു മത്സരങ്ങളില്‍ പുറത്തിരുന്ന അജിങ്ക്യ രഹാനെ രോഹിത് ശര്‍മയ്ക്കു പകരം ടീമിലെത്തി. രവിചന്ദ്രന്‍ അശ്വിനു പകരം ഭുവനേശ്വര്‍ കുമാറിനെ ടീമിലേക്കു തിരിച്ചുവിളിച്ചു. സ്കോര്‍ 13ലെത്തിയപ്പോള്‍ ഇന്ത്യക്കു ഓപ്പണര്‍മാരായ മുരളി വിജയ് (8), കെ.എല്‍. രാഹുല്‍ (0) എന്നിവരെ നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു.
എന്നാല്‍, പൂജാരയും കോഹ് ലിയും നിലയുറപ്പിച്ചു ബാറ്റ് ചെയ്തതോടെ സാവധാനം ഇന്ത്യയുടെ സ്കോര്‍ ചലിച്ചു. ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയും റിവ്യുവിൽ പിഴച്ചും ദക്ഷിണാഫ്രിക്ക ഇരുവരെയും സഹായിച്ചു. മൂന്നാം വിക്കറ്റില്‍ ഇരുവരും 84 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. കോഹ്ലി 11ലും 32ലും വച്ച് നല്കിയ ക്യാച്ച് ദക്ഷിണാഫ്രിക്കന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടു.
പൂജാരയ്ക്കെതിരേ ഉറപ്പുള്ള എല്ബിഡ്ബ്ല്യുകളില് അര്‍ധമനസോടെയുള്ള അപ്പീലും എല്‍ബിഡബ്ല്യു അല്ലാത്തതിനെ റിവ്യുവിനു വിട്ടും ദക്ഷിണാഫ്രിക്ക ഇന്ത്യയെ സഹായിച്ചു. സാവധാനം മുന്നോട്ടു നീങ്ങിയ ഈ സഖ്യം കോഹ്ലിയെ (54) എബി ഡിവില്യേഴ്സിന്റെ കൈകളിലെത്തിച്ചുകൊണ്ട് ലുംഗി എന്‍ഗിഡി പൊളിച്ചു. 106 പന്തു നേരിട്ട ഇന്ത്യന്‍ നായകന് ഒമ്പത് ഫോർ പായിച്ചു. ഇന്ത്യയുടെ അടുത്ത പ്രതീക്ഷകള്‍ രഹാനെയിലായിരുന്നു. എന്നാല്‍ രഹാനെയെ (9) വിക്കറ്റിനു മുന്നില്‍ കുരുക്കി മോര്‍ണി മോര്‍ക്കല്‍ അടുത്ത തകര്‍ച്ചയ്ക്കു തുടക്കമിട്ടു.
പിന്നീട് പൂജാരയ്ക്കൊപ്പം പാര്‍ഥിവ് പട്ടേലെത്തി. ഇന്ത്യന്‍ ഇന്നിംഗ്സിലെ രണ്ടാമത്തെ ഉയര്‍ന്ന കൂട്ടുകെട്ട് ഇരുവരും സ്ഥാപിച്ചു. 31 റണ്‍സ് അഞ്ചാം വിക്കറ്റില്‍ പിറന്നു. ഇതിനിടെ പൂജാര അർധ സെഞ്ചുറിയും തികച്ചു. ആന്‍ഡില്‍ ഫെലുക്വായോയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനു പൂജാര ക്യാച്ച് നല്കി. 179 പന്ത് നേരിട്ട പൂജാര എട്ട് ഫോറ് നേടി. പിന്നീടു വിക്കറ്റ് വീഴ്ച പെട്ടെന്നായിരുന്നു.
ഹര്‍ദിക് പാണ്ഡ്യ അക്കൗണ്ട് തുറക്കാതെ മടങ്ങി. മധ്യനിര കളിക്കാന്‍ മറന്നിടയത്ത് വാലറ്റത്ത് ഭുവനേശ്വര്‍ കുമാര്‍ (30) മാത്രം തിളങ്ങി. ജസ്പ്രീത് ബുംറ (0) പുറത്താകാതെ നിന്നു. അവസാന വിക്കറ്റില്‍ ഭുവനേശ്വറും ബുംറയും 21 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ഏഴ് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ മടങ്ങിയത്.കാഗിസോ റബാഡ മൂന്നും മോര്‍ണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍, ഫെലുക്വായോ എന്നിവര്‍ രണ്ടും എന്‍ഗിഡി ഒരു വിക്കറ്റും വീഴ്ത്തി.
23 മിനിറ്റ് ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടി നേരിട്ടു. ആറു റണ്‍സിലെത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്അയ്ഡന് മാര്‍ക്രമിനെ (2) പാര്‍ഥിവ് പട്ടേലിന്റെ കൈകളിലെത്തിച്ചു. ഡീന്‍ എല്‍ഗര്‍ (4), നൈറ്റ് വാച്ച്മാന് കാഗിസോ റബാഡ (0) എന്നിവരാണ് ക്രീസില്‍.
സ്കോര്‍ബോര്‍ഡ്
ഒന്നാം ഇന്നിംഗ്സ്
ഇന്ത്യ
വിജയ് സി ഡി കോക്ക് ബി റബാഡ 8, രാഹുല്‍ സി ഡികോക് ബി ഫിലാന്‍ഡര്‍ 0, പൂജാര സി ഡികോക് ബി ഫെലുക് വായോ 50, കോഹ് ലി സി ഡി വില്യേഴ്സ് ബി എന്‍ഗിഡി 54, രഹാനെ എല്‍ബിഡബ്ല്യു ബി മോര്‍ക്കല്‍ 9, പാര്‍ഥിവ് പട്ടേല്‍ സി ഡികോക് ബി മോര്‍ക്കര്‍ 2, പാണ്ഡ്യ സി ഡികോക് ബി ഫെലുക് വായോ 0, ഭുവനേശ്വര്‍ സി ഫെലുക്വായോ ബി റബാഡ 30, ഷാമി സി ഷാമി 8, ഇഷാന്ത് സി ഡു പ്ലസി ബി റബാഡ 0, ബുംറ നോട്ടൗട്ട് 0, എക്സ്ട്രാസ് 26, ആകെ 76.4 ഓവറില്‍ 187 ന് എല്ലാവരും പുറത്ത്.
ബൗളിംഗ്
മോര്‍ക്കല്‍ 17-5-47-2, ഫിലാന്‍ഡര്‍ 19-10-31-2, റബാഡ 18.4-6-39-3, എന്‍ഗിഡി 15-7-27-1, ഫെലുക്വായോ 1-1-25-2
ദക്ഷിണാഫ്രിക്ക
ബാറ്റിംഗ്
ഡീന്‍ എല്‍ഗാര്‍ നോട്ടൗട്ട് 4, മാര്‍ക്രം സി പട്ടേല്‍ ബി ഭുവനേശ്വര്‍ 2, റബാഡ നോട്ടൗട്ട് 0, ആകെ 6 ഓവറില്‍ ഒരു വിക്കറ്റിന് 6.
ബൗളിംഗ്
ഭുവനേശ്വര്‍ 3-2-3-1, ബുംറ 3-2-3-0