ഹരിപ്പാട്: ദേശീയപാതയിൽ ടാങ്കർ ലോറി തെന്നിമറിഞ്ഞ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കേറ്റു. ഇന്നലെ രാത്രി 12.30 ഓടെ ദേശീയ പാതയിൽ താമല്ലാക്കൽ കെവി ജെട്ടിക്ക് സമീപമായിരുന്നു അപകടം. എറണാകുളത്തേക്ക് പോകുകയായിരുന്ന പെട്രോൾ ടാങ്കറാണ് റോഡിൽ നിന്ന് തെന്നിമാറി പടിഞ്ഞാറ് വശത്തേക്ക് ചരിഞ്ഞത്.
അപകടത്തിൽ ഡ്രൈവർ ഗിരീഷിനും ക്ലീനർ വേണുവിനും പരിക്കേറ്റു. ഇവരെ ഹരിപ്പാട് ഗവ.ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുന്നിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ ഇടിക്കാതിരിക്കാൻ ടാങ്കർ വെട്ടിച്ചതിനെ തുടർന്ന് റോഡിൽ നിന്ന് തെന്നിമാറി ചരിയുകയായിരുന്നു.
അപകടത്തിൽ റോഡിന്റെ ഓരത്തുണ്ടായിരുന്ന വൈദ്യുത പോസ്റ്റുകൾ ഒടിയുകയും 11 കെവി ലൈനുകളിലൊന്ന് പൊട്ടി ലോറിയുടെ മുകൾ ഭാഗത്ത് വീഴുകയും ചെയ്തു. ഭാഗ്യം കൊണ്ടാണ് വൻ അപകടം ഒഴിവായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്.ഐ.പ്രശാന്തൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീർ, മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള ഹൈവേ പോലീസ് സംഘം ഇലക്ട്രിസിറ്റി ഹരിപ്പാട് സെക്ഷൻ ഓഫീസിലറിയിച്ച് വൈദുതി ബന്ധം വിച്ഛേദിക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ചെറിയ തോതിൽ ഗതാഗത കുരുക്കുമുണ്ടായി.